ഗൂഡല്ലൂര്‍: നീലഗിരി- വയനാട് അതിര്‍ത്തി മേഖലയില്‍ ഭീതി പരത്തിയ കാട്ടുകൊമ്ബനെ മയക്കുവെടിവെച്ച് പിടികൂടി മുതുമല തെപ്പക്കാട് ആനപ്പന്തിയിലെത്തിച്ചു. വെള്ളിയാഴ്ച രണ്ടരയോടെയാണ് മഴവന്‍ ചേരമ്ബാടി ടാന്‍ ടീ പത്തു ലൈന്‍ പാടിക്ക് സമീപത്തെ കുറ്റിക്കാട്ടില്‍നിന്ന് ആനക്കൂട്ടത്തോടൊപ്പം നിന്ന കൊമ്ബനെ പിടികൂടിയത്. കൂടെയുണ്ടായിരുന്നവയെ വിജയ്, സുജയ് എന്നീ കുങ്കിയാനകള്‍ വിരട്ടിയോടിച്ചു. തുടര്‍ന്ന് രണ്ടു ഡോസ് മയക്കുവെടി വെച്ചതോടെയാണ് ആന മയങ്ങിനിന്നത്.
ഉടനെ കൊമ്ബെന്റ കാലില്‍ കയര്‍ കെട്ടി കുങ്കിയാനകള്‍ വളഞ്ഞ് വാഹനത്തില്‍ കയറ്റാന്‍ ഒരുക്കം നടത്തി. കൊമ്ബനെ തളച്ച ഭാഗത്തേക്ക് മണ്ണുമാന്തി യന്ത്രത്തിെന്റ സഹായത്തോടെ റോഡ് വെട്ടിയ ശേഷമാണ് ആറു മണിക്ക് ലോറിയില്‍ കയറ്റിയത്. നേരമിരുട്ടുന്നത് വരെ കാത്തിരുന്ന ശേഷമാണ് മുതുമലയിലേക്ക് കൊണ്ടുപോയത്. കൊമ്ബന് പിടിയിലായ വിവരം പരന്നതോടെ സംഭവ സ്ഥലത്തേക്ക് ജനമൊഴുകി. മേഖലയില്‍ മൂന്നുപേരെ കൊന്ന കാട്ടുകൊമ്ബനെ ഒമ്ബതു ദിവസത്തെ ശ്രമത്തിനൊടുവിലാണ് പിടികൂടാന്‍ കഴിഞ്ഞത്. ഊണും ഉറക്കവുമില്ലാതെയാണ് ഡോ. അശോകന്, വിജയരാഘവന്, രാജേഷ് എന്നീ മൂന്ന് ഡോക്ടര്‍മാരുടെ പ്രത്യേക സംഘം സ്ഥലത്ത് ക്യാമ്ബ് ചെയ്തത്.
ഡിസംബര്‍ 11നാണ് കണ്ണംപള്ളിയില്‍ രാത്രി വയോധികനായ നാഗമുത്തുവിനെ കൊലപ്പെടുത്തിയത്. ഒരു ദിവസത്തെ ഇടവേളക്ക് ശേഷം ആനന്ദ രാജ, മകന് പ്രശാന്ത് എന്നിവരെ പത്തുലൈന് പാടിക്ക് സമീപം കൊലപ്പെടുത്തി. ഇതോടെ പ്രതിഷേധം ശക്തമായി. മൃതദേഹവുമായി ജനം റോഡ് ഉപരോധിച്ചു. ദ്രാവിഡമണി എം.എല്‍.എയുടെ നേതൃത്വത്തില്‍ നിരാഹാരവും പ്രതിഷേധങ്ങളും തുടര്‍ന്നതോടെയാണ് ആനയെ പിടികൂടാന്‍ നടപടിയുണ്ടായത്.
ഒരു മാസം മുമ്ബ് ചപ്പിന്തോടു വെച്ച് മയക്കുവെടിയേറ്റെങ്കിലും ആന നിലമ്ബൂര്‍ മുണ്ടേരി ഭാഗത്തേക്ക് പോയതോടെ തല്ക്കാലം തിരച്ചില്‍ നിര്‍ത്തി. വീണ്ടും പ്രതിഷേധം ഉയര്‍ന്നതോടെയാണ് പത്തു ദിവസം മുമ്ബ് കൊമ്ബനെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയത്. ബുധനാഴ്ച മയക്കുെവടിവെച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നു. ആനയെ കണ്ടെത്തുന്നതിന് തോട്ടം തൊഴിലാളികളും സഹകരിച്ചു. ഗൂഡല്ലൂര്‍ ഡി.എഫ്.ഒ എ.സി.എഫ്. വിജയന്, ദേവാല ഡിവൈ.എസ്.പി അന്‍വറുദ്ദീന്‍ എന്നിവര്‍ സ്ഥലത്തെത്തി.