തിരുവനന്തപുരം: സംസ്ഥാനത്ത വൈദ്യുതി ചാര്‍ജ് കൂട്ടി. യൂനിറ്റിന് 10 പൈസ മുതല്‍ 50 പൈസവരെ ഗാര്‍ഹിക, വ്യാവസായ ഉപഭോക്തക്കള്‍ക്ക് വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാന്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ തീരുമാനിച്ചു. കാര്‍ഷിക മേഖലെയ ചാര്‍ജ് വര്‍ധനയില്‍ നിന്നൊഴിവാക്കി. എന്‍ഡോ സള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കാനും തീരുമാനമായി.

550 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുന്ന രീതിയിലുള്ള ചാര്‍ജ് വര്‍ധനക്കാണ് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ പ്രഖ്യാപിച്ചത്. പ്രതിമാസം 40 യൂനിറ്റ് വരെ ഉപയോഗിക്കുന്ന ദാരിദ്രരേഖക്ക് താഴെയുള്ള ഗാര്‍ഹിക ഉപഭോക്തക്കള്‍ക്ക് വര്‍ധനയില്ല. 50 യൂനിറ്റ്വരെ 10 പൈസ 50 നും 100 നും ഇടയില്‍ 20 പൈസ 100 മുതല്‍ 250 യൂനിറ്റ് വരെ 30 പൈസ 250 മുതല്‍ 400 യൂനിറ്റ് വരെ 50 പൈസ എന്ന നിരക്കിലാണ് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള വര്‍ധന. ഫിക്സഡ് ചാര്‍ജും കൂട്ടിയിട്ടുണ്ട്. സിംഗിള്‍ ഫേസിന് 10 രൂപയും ത്രീഫേസിന് 20 രൂപയമാണ് കൂട്ടിയത്. വ്യവസായി ഉപഭോക്താക്കള്‍ക്ക് 30 പൈസ വര്‍ധിപ്പിച്ചപ്പോള്‍ ഐ ടിക്കും അനുബന്ധ വ്യവസായത്തിനും 20 പൈസയാണ് വര്‍ധിച്ചത്. കാര്‍ഷിക ഉപഭോക്താക്കളെ വര്‍ധനയില്‍ നിന്നൊഴിവാക്കി. ഭക്ഷ്യധാന്യങ്ങള്‍ക്കൊപ്പം നാണയ വിളകള്‍ക്കും കാര്‍ഷിക മേഖലക്കുള്ള ഇളവ് നല്‍കാനും ഇന്ന് വൈദ്യുതി റഗലേറ്ററി കമ്മീഷന്‍ നിര്‍ദേശിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് വൈദ്യുതി ഇളവ് നല്‍കുമെന്നും ഉത്തരവിലുണ്ട്. പ്രതിമാസം 150 യൂനിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് യൂനിറ്റിന് 1.50 പൈസ നല്‍കിയാല്‍ മതിയാകും. ലൈസന്‍സികളുടെ ഡിമാന്‍റ് ചാര്‍ജും എനര്‍ജി ചാര്‍ജും വര്‍ധിപ്പിച്ചിട്ടുണ്ട്.

ഏപ്രില്‍ മാസത്തെ ബില്ലില്‍ വൈദ്യുതി വര്‍ധന പ്രയോഗത്തില്‍ വരുത്തും. കെ എസ് ഇ ബി വൈദ്യുതി ചാര്‍ജ് വര്‍ധനക്ക് അപേക്ഷ നല്‍കിയില്ലെങ്കിലും സ്വമേധയാ ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള അധികാരം റഗുലേറ്ററി കമ്മീഷന്‍ ഉപയോഗിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here