‘പരസ്യ പ്രചാരണം കഴിഞ്ഞ് പ്രകടനപത്രികയിറക്കി’; ജോസ് കെ മാണിക്കെതിരെ പരാതിയുമായി മാണി സി കാപ്പൻ

കൊച്ചി: കേരളാ കോൺഗ്രസ് എം ചെയർമാനും പാലായിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ ജോസ് കെ മാണിക്കെതിരെ പരാതിയുമായി എതിർ സ്ഥാനാർത്ഥി മാണി സി കാപ്പൻ. പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

പരസ്യപ്രചാരണത്തിനു ശേഷം ജോസ് കെ മാണി പാർട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കിയെന്നാണ് മാണി സി കാപ്പന്റെ ആരോപണം. വോട്ടർമാരെ സ്വാധീനിക്കുന്നതിനായി ജോസ് ചട്ടലംഘനം നടത്തിയെന്ന് കാപ്പൻ ആരോപിക്കുന്നു.

തനിക്കെതിരെ അപരനെ നിർത്തിയത് ജോസ് കെ മാണിയാണെന്ന് കാപ്പൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. തോൽക്കുമെന്നുള്ള ഭയമാണ് ഇങ്ങനെയൊക്കെ ചെയ്യാൻ ജോസിനെ പ്രേരിപ്പിക്കുന്നതെന്നും മാന്യതയുള്ള ആരും ഇത്തരം പ്രവർത്തി ചെയ്യില്ലെന്നും മാണി സി കാപ്പൻ പറഞ്ഞിരുന്നു.

മാണി സി കുര്യാക്കോസ് എന്നയാളാണ് കാപ്പനെതിരെ മത്സരിക്കുന്ന അപരൻ. ട്രാക്ടർ ഓടിക്കുന്ന കൃഷിക്കാരനാണ് കാപ്പന്റെ ചിഹ്നം. അതിനോട് സാമ്യമുള്ള ട്രക്കാണ് അരന്റെ ചിഹ്നം. ബാലറ്റിൽ കാപ്പന്റെ പേര് ഏഴാമതും അപരന്റെ പേര് എട്ടാമതുമാണ്

പണവും മദ്യവും ഒഴുക്കി ജോസ് കെ മാണി വോട്ട് പിടിക്കുകയാണെന്നും കാപ്പൻ ആരോപിച്ചു. തനിക്ക് 15000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നും കാപ്പൻ പറഞ്ഞു. കേരളം ഉറ്റുനോക്കുന്ന പോരാട്ടമാണ് പാലായിലേത്. കെഎം മാണിയുടെ മരണശേഷം നഷ്ടപ്പെട്ട മണ്ഡലം തിരികെ പിടിക്കാനുള്ള അഭിമാന പോരാട്ടമാണ് കേരളാ കോൺഗ്രസ് നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here