പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സുരക്ഷ ഉദ്യോഗസ്ഥനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റി . നന്ദിഗ്രാമില്‍ മമതയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയാണ് നടപടി. പോലീസ് സുപ്രണ്ട് പദവിയിലുള്ള സ്‌പെഷ്യല്‍ ഡ്യൂട്ട് ഓഫീസറായ അശോക് ചക്രവര്‍ത്തിയെയാണ് സുരക്ഷാ ചുമതലയില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കിയത്.

അദ്ദേഹത്തെ ഉടന്‍ സ്ഥാനത്ത് നീക്കുന്നതായി സംസ്ഥാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മാര്‍ച്ച് പത്തിന് നന്ദിഗ്രാമില്‍ പ്രചാരണത്തിനിടെയാണ് മമതയ്ക്ക് വീണ് കാലിന് പരിക്കു പറ്റിയത്. അതിനു ശേഷം വീല്‍ ചെയറില്‍ എത്തിയായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നത്. സംഭവത്തെ തുടര്‍ന്ന് സെക്യൂരിറ്റി ഡയറക്ടര്‍ വിവേക് സോഹയെ വോട്ടെടുപ്പ് പാനല്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

അതേസമയം മമത ന്യൂനപക്ഷങ്ങളുടെ പിന്തുണ തേടുന്നതിനെ വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തിയിരുന്നു. ‘മമത ന്യൂനപക്ഷങ്ങളുടെ വോട്ടിനായി ശ്രമിക്കുന്നത് ചൂണ്ടിക്കാണിക്കുന്നത് അവരുടെ ഏറ്റവും വലിയ ശക്തി അവരോടൊപ്പമില്ലെന്നതാണ്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് മമത ഭയക്കുന്നു” അമിത് ഷാ പറഞ്ഞു.

‘ന്യൂനപക്ഷങ്ങളുടെ പിന്തുണയ്ക്ക് ശ്രമിക്കുന്നത് മറ്റുള്ളവരും ശ്രദ്ധിക്കുന്നുണ്ടെന്ന് മമത അറിയണം. അവര്‍ മറ്റുള്ളവരുടെ പിന്തുണ തേടുന്നില്ല. അതിനാല്‍ ഇക്കാര്യത്തില്‍ മറ്റുള്ളവര്‍ തീരുമാനം എടുക്കും’അദ്ദേഹം പറഞ്ഞു. ബംഗാളിലെ 31 ശതമാനം വരുന്ന മുസ്ലീം വോട്ടുകളായിരുന്നു 34 വര്‍ഷം നീണ്ടുനിന്ന ഇടതുമുന്നണി ഭരണത്തിന്റെ പ്രധാന ഘടകം. 2011ല്‍ മുസ്ലീം വോട്ടര്‍മാരുടെ പിന്തുണയോടെയാണ് മമത അധികാരത്തില്‍ എത്തിയത്. അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിര്‍ണായക ഘടകമായി മുസ്ലീം വോട്ടുകള്‍ മാറി.

സംസ്ഥാനത്തെ 290 നിയോജക മണ്ഡലങ്ങളില്‍ 90ഓളം മണ്ഡലങ്ങളിലും പ്രധാന ഘടകം മുസ്ലീം വോട്ടുകളാണ്. അതിനാല്‍ മുസ്ലീം വോട്ടുകളില്‍ വിഭജനം നേരിടാതെ അധികാരം നിലനിര്‍ത്താനാണ് മമതയുടെ ശ്രമം. എന്നാല്‍ ഇടതു-കോണ്‍ഗ്രസ് സഖ്യത്തിലെത്തിയ അബ്ബാസ് സിദ്ദിഖിയുടെ ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട് തൃണമൂലിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. മുസ്ലീം വോട്ടു വിഹിതം ഇവരിലേക്ക് എത്തുന്നതോടെ സാധ്യതകള്‍ മെച്ചപ്പെടുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.

ബിജെപി കേന്ദ്രസേനയുടെ സഹായത്തോടെ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയാണെന്നും അടുത്ത ഘട്ടത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ തടയണമെന്നും മമത ജനങ്ങളോട് അഭ്യര്‍ത്ഥിച്ചതിനെതിരെയും അമിത് ഷാ വിമര്‍ശിച്ചു. ‘മമതയുടെ അത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് നിര്‍ഭാഗ്യകരമാണ്. തെരഞ്ഞെടുപ്പ് സമയത്ത് കേന്ദ്ര സേനയെ നിയന്ത്രിക്കുന്നത് തെരഞ്ഞടുപ്പ് കമ്മീഷനാണെന്നും ആഭ്യന്തര മന്ത്രാലയമല്ലെന്നും അവര്‍ അറിഞ്ഞിരിക്കണം’ ഷാ പറഞ്ഞു.

കേന്ദ്ര സേനയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും വിമര്‍ശിക്കുന്നതിനു പകരം എന്തുകൊണ്ടാണ് ഈ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ പരാജയപ്പെടുന്നതെന്ന് വിലയിരുത്തുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ബംഗാളില്‍ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നില്ലെന്നും ഷാ കുറ്റപ്പെടുത്തി. അതേസമയം മാര്‍ച്ച് 28, ഏപ്രില്‍ 7 തീയതികളില്‍ മമത ബാനര്‍ജി നടത്തിയ പ്രസംഗങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here