രാജ്യസഭാ തെരഞ്ഞെടുപ്പ്; കോടതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മലക്കം മറിച്ചിൽ

കൊച്ചി: കേരളത്തിൽ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് നിയമസഭയുടെ കാലാവധി കഴിയുന്നതിനു മുമ്പ് നടത്തുമെന്ന നിലപാട് തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റി. ഹൈക്കോടതിയിൽ അറിയിച്ച നിലപാടിൽ നിന്നാണ് പിന്മാറ്റം. ആദ്യ നിലപാട് അറിയിച്ച് പത്ത് മിനിറ്റിനുള്ളിലാണ് മാറ്റം. തിങ്കഴാഴ്ച നിലപാട് അറിയിക്കാമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

വാദം നടക്കവെ, നിയമസഭയുടെ കാലാവധി കഴിയും മുമ്പേ രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്താമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞത്. എന്ന് തെരഞ്ഞെടുപ്പ് നടത്തുമെന്ന് വ്യക്തമാക്കിയിരുന്നില്ല. ഇത് കോടതി രേഖപ്പെടുത്തുകയും ചെയ്തു.

കേസ് ഏഴാം തിയ്യതിയിലേക്ക് മാറ്റിയതിനു പിന്നാലെയാണ് ആ നിലപാട് രേഖപ്പെടുത്തേണ്ടതില്ലെന്ന് കമ്മീഷൻ കോടതിയെ അറിയിച്ചത്. കാര്യങ്ങൾ വിശദീകരിക്കാൻ സമയം അനുവദിക്കണം, തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കണം എന്നീ ആവശ്യങ്ങളാണ് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉന്നയിച്ചത്.

ഏപ്രിൽ 12 ന് രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ വ്യക്തമാക്കിയിരുന്നത്. ഇതിനെതിരെ സിപിഎം അടക്കം രംഗത്തെത്തുകയും നിയമസഭാ സെക്രട്ടറിയും സിപിഎമ്മും ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു. രാജ്യസഭാംഗങ്ങളുടെ കാലാവധി പൂർത്തിയാക്കുന്നതിനു മുമ്പ് തെരഞ്ഞെടുപ്പ് നടത്തണമെന്ന ചട്ടം ചൂണ്ടിക്കാട്ടിയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here