തിരുവനന്തപുരം: നയതന്ത്ര ബാഗില്‍ സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ കൂടാതെ രണ്ടു പഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളെകൂടി ചോദ്യം ചെയ്യാന്‍ കേന്ദ്ര ഏജന്‍സികള്‍ തയാറെടുക്കുന്നു. കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് സി.എം.രവീന്ദ്രന്‍ ആശുപത്രിയിലാണ്. നെഗറ്റീവായതിനുശേഷം രവീന്ദ്രനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തശേഷമായിരിക്കും മറ്റു രണ്ടുപേരുടെ ചോദ്യം ചെയ്യല്‍. ലൈഫ് പദ്ധതി അടക്കമുള്ളവയുടെ വിവരങ്ങള്‍ ആരായാനാണ് ചോദ്യം ചെയ്യല്‍. കള്ളക്കടത്തിനെ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലെ കൂടുതല്‍പേര്‍ക്ക് അറിവുണ്ടായിരുന്നെന്ന് ഇഡി സംശയിക്കുന്നു.

കമ്മിഷന്റെ അടിസ്ഥാനത്തില്‍ കരാറുകള്‍ ചില കമ്പനികള്‍ക്ക് നല്‍കിയതിനു പിന്നിലും ഈ ഉദ്യോഗസ്ഥരുണ്ടെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പറയുന്നു. 26 പദ്ധതികള്‍ രണ്ടു കമ്പനികള്‍ക്ക് മാത്രമാണ് ലഭിച്ചത്. ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുന്നതിനു മുന്‍പ് ഈ കമ്പനികള്‍ക്ക് ശിവശങ്കര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. സ്വപ്നയുടെ വാട്‌സാപ് ചാറ്റുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങള്‍ ഇഡിക്കു ലഭിച്ചത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകളില്‍ കൃത്രിമം നടന്നിരിക്കാനുള്ള സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യങ്ങളില്‍ വ്യക്തത വരും.
ശിവശങ്കര്‍ കോഴ വാങ്ങിയെന്ന് ആദ്യമായാണ് ഇഡി കോടതിയെ ധരിപ്പിക്കുന്നത്. അന്വേഷണത്തിന്റെഭാഗമായി സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ഏജന്‍സികള്‍പരിശോധിക്കും.

തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിരിക്കുന്ന ഘട്ടത്തില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നതാണ് പുറത്തുവരുന്ന ആരോപണങ്ങള്‍. തിരഞ്ഞെടുപ്പിനെ മുന്നില്‍നിന്ന് നയിക്കേണ്ട മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ പ്രതികൂട്ടിലാകുന്ന സാഹചര്യം നേതാക്കളെ വലയ്ക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here