കോഴിക്കോട്: കേരളത്തിലെ മൂന്നു കേന്ദ്രങ്ങളിലടക്കം രാജ്യത്തെ 11 കേന്ദ്രങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് നടത്തിയ പരിശോധനയില്‍ 1200 കോടി രൂപയുടെ മോറിസ് കോയിന് തട്ടിപ്പ് കണ്ടെത്തി. നടന് ഉണ്ണി മുകുന്ദന് പുതുതായി ആരംഭിച്ച നിര്‍മ്മാണ കമ്പനിയിലടക്കമാണ് കേരളത്തില്‍ പരിശോധനകള്‍ നടന്നത്.
പാലക്കാട്, മലപ്പുറം, കൊച്ചി എന്നിവിടങ്ങളിലായിരുന്നു കേരളത്തിലെ റെയ്ഡ്. ബംഗളൂരു കേന്ദ്രീകരിച്ചുള്ള വന്‍ റാക്കറ്റാണ് മോറിസ് കോയിന് തട്ടിപ്പിന് ചുക്കാന്‍ പിടിക്കുന്നതെന്ന് ഇ.ഡി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ബെംഗളൂരുവിലെ ലോങ്റിച്ച് ഗ്ലോബല്‍, മോറിസ് ട്രേഡിങ് സൊല്യൂഷന്‍സ് തുടങ്ങിയ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് അരങ്ങേറിയത്. കേരളത്തില്‍ വിവിധ ജില്ലകളില്‍ മോറിസ് കോയിന് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. വിവിധ പൊലീസ് സ്റ്റേഷനുകളില്‍ തട്ടിപ്പിന് ഇരയായവര്‍ പരാതികള്‍ നല്‍കിയിട്ടുണ്ടെങ്കിലും പൊലീസ് അന്വേഷണം ഗൗരവമായി ഉണ്ടായിട്ടില്ലായിരുന്നു. അതിനിടെയാണ് ഇഡിയുടെ രംഗപ്രവേശം. ഇഡിയുടെ കൊച്ചി, കോഴിക്കോട് യൂണിറ്റുകള്‍ സംയുക്തമായിട്ടാണ് ഉണ്ണി മുകുന്ദന്റെ ഒറ്റപ്പാലത്തെ ഓഫിസില്‍ പരിശോധന നടത്തിയത്. റെയ്ഡ് ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു.
കണ്ണൂര്‍ സ്വദേശിയായ നിഷാദ് അറസ്റ്റിലായതിനു പിന്നാലെയാണ് ഇയാളുടെ ഓരോ ഇടപാടുകളും പുറത്തു വരാന്‍ തുടങ്ങിയത്. മലപ്പുറം, കൊച്ചി എന്നിവിടങ്ങളില്‍ മൂന്ന് ഇടങ്ങളിലും പാലക്കാട് നടന്റെ കമ്പനിയിലുമാണ് ഇഡി കേരളത്തില്‍ പരിശോധിച്ചത്. താന്‍ ആദ്യമായി നിര്‍മിക്കുന്ന ‘മേപ്പടിയാന്’ സിനിമയുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അറിയാനായിരുന്നു ഇ.ഡി എത്തിയതെന്നു നടന് ഉണ്ണി മുകുന്ദന് പ്രതികരിച്ചു.