വയനാട്ടിലെ പരിസ്ഥിതി ലോല പ്രദേശ വിജ്ഞാപനത്തില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനത്തിന്റെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങള്‍ കൂടി കേള്‍ക്കുമെന്ന് വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍. കേന്ദ്രം നേരിട്ടല്ല പരിസ്ഥിതി ലോല മേഖല നിശ്ചയിച്ചത്. അന്തിമ വിജ്ഞാപനം എല്ലാ സാഹചര്യങ്ങളും പരിഗണിച്ച ശേഷമായിരിക്കുമെന്നും മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു.
വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുളള സ്ഥലം പരിസ്ഥിതി ദുര്‍ബല മേഖലയാക്കാനുള്ള കരട് വിജ്ഞാപനം ഇറക്കിയതു സംബന്ധിച്ച, കെ സി വേണുഗോപാലിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഏതെങ്കിലും വില്ലേജുകളെ തിരഞ്ഞെടുത്ത് പരിസ്ഥിതി ദുര്‍ബല മേഖലയാക്കുകയല്ലയെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുളള മൂന്നര കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖല ആക്കാനുളള കരടുവിജ്ഞാപനത്തില്‍ മാറ്റം വരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. സംസ്ഥാന സര്‍ക്കാര്‍ 2020 ജനുവരിയില്‍ സമര്‍പ്പിച്ച, ഭേദഗതി ചെയ്ത ശുപാര്‍ശ പ്രകാരം 88.2 ചതുരശ്ര കിലോമീറ്റര്‍ ആണ് പരിസ്ഥിതി ലോല മേഖല. എന്നാല്‍, കേന്ദ്ര വനം മന്ത്രാലയം 118. 9 ചതുരശ്ര കിലോമീറ്റര്‍ പരിധിയാണ് ഉള്‍പ്പെടുത്തിയത്.