കാഞ്ഞങ്ങാട്: കാസര്‍കോട് നിര്‍മാണം നടക്കുന്ന വീടിന്റെ തറയും ഷെഡ്ഡും പൊളിച്ച് കൊടി നാട്ടിയ സംഭവത്തിൽ എട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. അ‍ജാനൂര്‍ പഞ്ചായത്തിലെ ചാലിയം നായിൽ പ്രദേശത്ത് നിര്‍മാണത്തിലിരുന്ന വീടിന് നേരേയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ഹൊസ്ദുര്‍ഗ് പോലീസാണ് കേസെടുത്തിരിക്കുന്നത്.

ഇട്ടമ്മലിലെ ലിപിൻ, സുജിത്ത്, കിട്ടു എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് അഞ്ച് പേര്‍ക്കെതിരേയുമാണ് കേസെടുത്തിരിക്കുന്നത് എന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ഐപിസി വകുപ്പ് 447, 427, 153, 506 (1) എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ആക്രമണത്തിലൂടെ അരലക്ഷം രൂപയുടെ നഷ്ടം വരുത്തിയതായും തടയാൻ ശ്രമിച്ച ആളുകളെ ഭീഷണിപ്പെടുത്തി മടക്കിയയച്ചതായും എഫ്ഐആറിൽ പറയുന്നു.

ഡേറ്റാ ബാങ്കിൽ ഉള്‍പ്പെടാത്ത സ്ഥമാണിത് എന്നും വീട് നിര്‍ണാണത്തിന് പഞ്ചായത്തിന്റെ അനുമതിയുണ്ടെന്നും സ്ഥലം ഉടമ വി. എം. റസീഖ് പറയുന്നു. അതിനിടെ സിപിഎം തെരഞ്ഞെടുപ്പ് ഫണ്ട് ചോദിച്ചിരുന്നുവെന്നും അത് കൊടുക്കാത്തതിന്റെ വിരോധം തീര്‍ത്തതാണെന്നുമാണ് റാസിഖും സഹോദരനും മുസ്ലീം ലീഗ് പ്രവര്‍ത്തകനുമായ അഷ്റഫ് കൊലവയലും പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഇക്കാര്യം പോലീസ് സ്റ്റേഷനിൽ കൊടുത്ത പരാതിയിൽ പറയുന്നില്ല.

സ്ഥലമുടമയുടെ വാദം നിഷേധിച്ച് ഡിവൈഎഫ്ഐ രംഗത്തുവന്നിട്ടുണ്ട്. അങ്ങിനെ സംഭാവന ചോദിച്ചിട്ടില്ലെന്നായിരുന്നു ഡിവൈഎഫ്ഐയുടെ വാദം. ഇതിനിടെ വയൽഭൂമിയാണെന്ന് പറഞ്ഞ് നിര്‍മ്മാണം നടത്തരുതെന്നും ആവശ്യപ്പെട്ട് കൈയ്യൊപ്പ് ശേഖരിച്ച് ഡിവൈഎഫ്ഐ ജില്ലാ കളക്ടര്‍ക്ക് പരാതിയും നൽകിയിട്ടുണ്ട്.

സംഭവം വിവാദമായതോടെ ഡിവൈഎഫ്ഐക്കെതിരെ യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും രംഗത്തുവന്നിട്ടുണ്ട്. ഡിവൈഎഫ്ഐക്കാര്‍ വിഴ തടസപ്പെടുത്തി വച്ച കല്ലുകള്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ എടുത്തുമാറ്റി. സംഭവത്തിൽ യൂത്ത് കോണ്‍ഗ്രസും പ്രതിഷേധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here