വരുന്നവരൊക്കെ ഇടിച്ചിട്ട് പോകുന്നു; ഡൊണാൾഡ് ട്രംപിന്റെ മെഴുകു പ്രതിമ നീക്കം ചെയ്ത് മ്യൂസിയം

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മെഴുകു പ്രതിമ നീക്കം ചെയ്ത് മ്യൂസിയം അധികൃതർ. ടെക്സാസിലെ സാൻ അന്റോണിയോയിലുള്ള ലൂയിസ് തുസാദ്സ് വാക്സ് വർക്ക് മ്യൂസിയത്തിലെ പ്രതിമയാണ് നീക്കം ചെയ്തിരിക്കുന്നത്.

മ്യൂസിയത്തിൽ സന്ദർശനത്തിന് എത്തുന്നവരുടെ നിരന്തരമായ ഇടിയിൽ പ്രതിമയ്ക്ക് കേടുപാടുകൾ സംഭവിക്കുന്നത് പതിവായിരുന്നു. ഇതിനെ തുടർന്നാണ് പ്രതിമ നീക്കം ചെയ്തതെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മ്യൂസിയത്തിലെ സ്റ്റോറേജിലേക്ക് പ്രതിമ മാറ്റിയെന്നും നിരവധി കേടുപാടുകൾ ഉണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

അമേരിക്കൻ പ്രസിഡ‍ന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ മ്യൂസിയത്തിൽ സന്ദർശനത്തിനെത്തുന്ന പലരും പ്രതിമയിൽ ഇടിച്ച് പ്രതിഷേധിക്കാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ഇത് കൂടുകയും ചെയ്തു. ഇതോടെയാണ് പ്രതിമ നീക്കം ചെയ്തത്. പ്രതിമയുടെ മുഖത്താണ് ഏറ്റവും കൂടുതൽ കേടുപാടുകൾ സംഭവിച്ചിരിക്കുന്നത്.

ട്രംപിന്റെ പ്രതിമയുടെ മുഖത്താണ് കൂടുതൽ പരിക്കുകളെന്ന് മ്യൂസിയം റീജണൽ മാനേജർ ക്ലെ സ്റ്റുവർട്ട് പറഞ്ഞതായി സാൻ ആന്റോണിയോ എക്സ്പ്രസ്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ട്രംപിന്റെ പ്രതിമ ഉടനൊന്നും മ്യൂസിയത്തിൽ തിരിച്ചെത്തില്ലെന്നാണ് സൂചന. അമേരിക്കയുടെ പുതിയ പ്രസിഡന്റ് ജോ ബൈഡന്റെ പ്രതിമ മ്യൂസിയത്തിൽ എത്തിയതിന് ശേഷമായിരിക്കും ട്രംപിന്റെ മെഴുകു പ്രതിമ എത്തുക. ജോ ബൈഡന്റ് പ്രതിമയുടെ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ക്ലെ സ്റ്റുവർ അറിയിച്ചു.

യുഎസ് പ്രസിഡ‍ന്റ് തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ലണ്ടനിലെ മാഡം തുസാദ് മ്യൂസിയത്തിൽ നിന്നും ഡൊണാൾഡ് ട്രംപിന്റെ വേഷം മാറ്റിയതും വാർത്തയായിരുന്നു. കോട്ടും സ്യൂട്ടുമായിരുന്നു ട്രംപിന്റെ മെഴുകു പ്രതിമയുടെ വേഷം. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പ്രതിമയുടെ വേഷം ഗോൾഫ് കളിക്കാരന്റേതായി മാറി. ഇപ്പോൾ ഗോൾഫ് കളിക്കാരനായാണ് ലണ്ടനിലെ മെഴുകു മ്യൂസിയത്തിൽ ട്രംപിന്റെ മെഴുകുപ്രതിമയുള്ളത്. പ്രസിഡന്റിന്റെ വസ്ത്രങ്ങൾ എല്ലാം അഴിച്ചുമാറ്റി ഗോൾഫ് കളിക്കായി ഉപയോഗിക്കുന്ന വസ്ത്രങ്ങളാണ് ധരിപ്പിച്ചിരിക്കുന്നത്

നവംബർ ഏഴിന് ട്രംപ് ഗോൾഫ് കളിച്ചത് മാധ്യമങ്ങളുടെ ശ്രദ്ധയിൽ വരികയും അത് റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് മെഴുകു മ്യൂസിയത്തിലെ ട്രംപിന്റെ പ്രതിമയ്ക്ക് കാര്യമായ മാറ്റങ്ങൾ വന്നത്. നവംബർ എട്ടിനാണ് ട്രംപിന്റെ മെഴുകുപ്രതിമയിലെ വസ്ത്രങ്ങൾ മാറ്റിയ കാര്യം ചിത്രവും കുറിപ്പും സഹിതം മാഡം തുസാദ് മ്യൂസിയം അധികൃതർ അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here