തിരുവനന്തപുരം: കോൺസുലേറ്റ് വഴി വിദേശത്തേയ്ക്ക് ഡോളര്‍ കടത്തിയെന്ന കേസിൽ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാമെന്ന് കസ്റ്റംസിന് ിയമോപദേശം ലഭിച്ചു. നിയമസഭാ സമ്മേളനത്തിനു ശേഷമാണ് സ്പീക്കറെ ചോദ്യം ചെയ്യുക. സ്പീക്കറെ ചോദ്യം ചെയ്യാൻ നിയമതടസ്സങ്ങളില്ലെന്നും കസ്റ്റംസ് ആക്ട് പ്രകാരം ചോദ്യം ചെയ്യാമെന്നും അസിസ്റ്റൻ്റ് സോളിസിറ്റര്‍ ജനറൽ പി വിജയകുമാര്‍ നിയമോപദേശം നല്കി.
നിയമസഭയോടുള്ള ആദരസൂചകമായി സഭ ചേരുന്ന സമയത്ത് ചോദ്യം ചെയ്യൽ ഒഴിവാക്കണമെന്ന് കസ്റ്റംസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തിൽ കസ്റ്റംസ് പ്രിവൻ്റീവ് കമ്മീഷണര്‍ക്ക് നിയമോപദേശം ഇ മെയിലായി അയച്ചെന്നാണ് വിവിധ മാധ്യമമങ്ങളുടെ റിപ്പോര്‍ട്ട്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിൻ്റെയും പി എസ് സരിത്തിൻ്റെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്യുന്നത്. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ്റെ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. കോൺസുലേറ്റിലെ അറ്റാഷെയുടെയും കോൺസുൽ ജനറലിൻ്റെയും ഡ്രൈവര്‍മാരെയും കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.
സ്വപ്ന സുരേഷിൻ്റെയും സരിത്തിൻ്റെയും സഹായത്തോടെ യുഎഇ കോൺസുലേറ്റിലെ ഫിനാൻസ് വിഭാഗത്തിൻ്റെ തലവനായിരുന്ന ഖാലിദ് അലി ഷൗക്രി കയ്റോയിലേയ്ക്ക് കോൺസുലേറ്റ് വഴി 1.90 ലക്ഷം യുഎസ് ഡോളര്‍ കടത്തിയെന്ന കേസാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലാണ് പുതിയ കേസിലും അന്വേഷണം തുടങ്ങിയത്.