ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. കേസിലെ പ്രതികളായ സ്വപ്‌നയും സരിത്തും നല്‍കിയ ഗുരുതര മൊഴി സ്പീക്കര്‍ക്കെതിരെ ഉണ്ട്. ഡോളര്‍ അടങ്ങിയ ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ എത്തിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടുവെന്നാണ് പ്രതികള്‍ മജിസ്‌ട്രേറ്റിനും കസ്റ്റംസിനും മൊഴി നല്‍കിയത്. അടുത്ത ആഴ്ച നോട്ടീസ് നല്‍കി സ്പീക്കറെ കൊച്ചിയിലേക്ക് വിളിച്ചുവരുത്താനാണ് കസ്റ്റംസിന്റെ നീക്കം

ഇരുവരും കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ സ്പീക്കര്‍ ഉള്‍പ്പെടെ പല പ്രമുഖരുടെയും പേരുണ്ടായിരുന്നു. മജിസ്‌ട്രേറ്റിന് മുന്നിലും ഇതേ മൊഴി ആവര്‍ത്തിച്ചതോടെയാണ് സ്പീക്കര്‍ക്ക് നോട്ടീസ് അയക്കാന്‍ കസ്റ്റംസ് തീരുമാനിച്ചതെന്നാണ് സൂചന. സരിത്തിനെയും സ്വപ്നയെയും പുറത്തെ ഒരു ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി ഡോളര്‍ അടങ്ങിയ ബാഗ് സ്പീക്കര്‍ കൈമാറുന്നു. അവരോട് ബാഗ് കോണ്‍സുലേറ്റ് ജനറല്‍ ഓഫീസിലേക്ക് എത്തിക്കാന്‍ സ്പീക്കര്‍ നിര്‍ദ്ദേശിച്ചു. ഇതുപ്രകാരം ഇരുവരും ബാഗ് കോണ്‍സുലേറ്റ് ജനറല്‍ ഓഫീസില്‍ എത്തിച്ചു എന്നാണ് സരിത്തിന്റെയും സ്വപ്നയുടെയും മൊഴി. അതേസമയം വാര്‍ത്ത അറിഞ്ഞില്ലയെന്നും പരസ്യമായി പ്രതികരിക്കാനില്ലെന്നുമായിരുന്നു സ്പീക്കറുടെ പ്രതികരണം.

ഡോളര്‍കടത്ത്‌ കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന വാര്‍ത്ത ശരിയാണെങ്കില്‍ സ്പീക്കര്‍ക്ക് ഒരു നിമിഷം പോലും ആ സ്ഥാനത്ത് പോലും ആ സ്ഥാനത്ത് തുടരാനുള്ള യോഗ്യതയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനാധിപത്യത്തില്‍ സ്പീക്കറുടെ സ്ഥാനം ഉന്നതമാണ്. ആ സ്പീക്കര്‍ തന്നെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഡോളര്‍ക്കടത്ത് കേസില്‍ പങ്കാളിയാവുന്നുവെന്നത് കേരളനിയമസഭയ്ക്ക് തന്നെ അപമാനകരമാണ്. മാന്യതയുണ്ടെങ്കില്‍ ചോദ്യം ചെയ്യാന്‍ വിളിക്കുമ്പോള്‍ തന്നെ ആ സ്ഥാനത്ത് നിന്നും മാറിനില്‍ക്കണമെന്നും ചെന്നിത്തല പറഞ്ഞു. 


LEAVE A REPLY

Please enter your comment!
Please enter your name here