മനുഷ്യരെ പൊതുവെ സാമൂഹിക മൃഗങ്ങളായാണ് കണക്കാക്കുന്നത്. സമാധാനപരമായി ഒന്നിച്ച് ജീവിക്കുന്നവരാണ് മനുഷ്യ‍ർ. എന്നാൽ ചില സാഹചര്യങ്ങളിൽ മൃഗങ്ങൾക്ക്, പ്രത്യേകിച്ച് വളർത്തുമൃഗങ്ങൾക്ക് മനുഷ്യരേക്കാൾ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിവുണ്ട്. മാലിന്യം പൊതുസ്ഥലത്ത് വലിച്ചെറിയാതെ ചവറ്റുകുട്ടയിലിടാൻ ഒരു നായ മനുഷ്യനെ പഠിപ്പിക്കുന്ന വീ‍ഡിയോയാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന ഈ വീഡിയോ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥ സുധ രാമൻ ആണ് ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. കാറിനുള്ളിൽ ഇരിക്കുന്ന ഒരാൾ റോഡിലേയ്ക്ക് ഒരു പൊതി എറിയുന്നത് വീഡിയോയിൽ കാണാം. പെട്ടെന്ന് കാറിനരികിലൂടെ നടന്നു പോകുന്ന ഒരു നായ പ്ലാസ്റ്റിക് കവ‍ർ എടുത്ത് തിരികെ കാറിലേക്ക് ഇടുന്നതാണ് വീഡിയോയിലെ രസകരമായ ദൃശ്യം. പരിസ്ഥിതി വൃത്തിയായി സൂക്ഷിക്കുന്നതിനെക്കുറിച്ച് നായ എല്ലാവർക്കും നൽകുന്ന സദ്ദേശമാണ് വീഡിയോയിൽ കാണുന്നത്.

പ്രിയ മനുഷ്യരേ, നിങ്ങൾക്ക് ഒരു പാഠം! ഈ നായയ്ക്ക് നൽകിയ പരിശീലനത്തെ അഭിനന്ദിക്കാം എന്നാണ് ഐ‌എഫ്‌എസ് ഉദ്യോഗസ്ഥ അവരുടെ പോസ്റ്റിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.

നെറ്റിസൺസ് വീഡിയോയ്ക്ക് നിരവധി പ്രതികരണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. വീഡിയോ ഇന്റർനെറ്റിൽ വൈറലായി കഴിഞ്ഞു. സുധ രാമന്റെ ഈ പോസ്റ്റിന് നിരവധി ലൈക്കുകളും റീട്വീറ്റുകളും ലഭിച്ചു. നായയുടെ ഉടമ നായയെ നന്നായി പരിശീലിപ്പിച്ചിട്ടുണ്ടെന്ന് നിരവധി ആളുകൾ അഭിപ്രായപ്പെട്ടു.

നടക്കാനിറങ്ങിയ യുവതിയെ ആക്രമിച്ചയാളെ വളർത്തു നായ കടിച്ച് ഓടിച്ച വാ‍ർത്ത അടുത്തിടെ വാ‍ർത്തകളിൽ നിറഞ്ഞിരുന്നു. 30 വയസുകാരിയായ ആമി എഡ്മൺസൺ എന്ന യുവതി ഏപ്രിൽ 12ന് രാത്രി സൌത്ത് എൻഡ് – ഓൺ – സീയിൽ നടക്കാൻ ഇറങ്ങിയപ്പോഴായിരുന്നു സംഭവം. ആമിക്കൊപ്പം സ്റ്റാർ എന്ന വളർത്തു നായയും ഉണ്ടായിരുന്നു. നടക്കുന്നതിനിടെ ഒരാൾ യുവതിയോട് വഴി ചോദിച്ചു. വഴി കാണിച്ച് കൊടുക്കുന്നതിനിടെ മറ്റൊരാൾ പിന്നിൽ നിന്ന് ആക്രമിക്കുകയായിരുന്നു.

യുവതിയെ നിലത്തേക്ക് വലിച്ചിട്ട് കഴുത്തിൽ കത്തി വച്ച് പണം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, ഇതിനിടെ സ്റ്റാർ ആക്രമണകാരിയുടെ കാലിൽ കടിച്ചു. പിടി വിടാതെ നായ കാലിൽ കടിച്ചു തൂങ്ങി. ഇതോടെ മോഷ്ടാവ് യുവതിയെ വിട്ട് രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ, നായ പിടിവിട്ടില്ല. ആമി പറഞ്ഞതിന് ശേഷം മാത്രമാണ് നായ ആക്രമണകാരിയെ വിട്ട് ആമിയുടെ അടുത്തേക്ക് ഓടിയെത്തിയത്.

വീട്ടിലെത്തിയ സ്റ്റാറിന് അന്ന് കൂടുതൽ അത്താഴം ലഭിച്ചതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തിരുന്നു. തന്റെ ഒൻപത് വയസുള്ള മകന് അമ്മയില്ലാതെ ആകുമായിരുന്നുവെന്നും സ്റ്റാർ ആണ് തന്റെ ജീവൻ രക്ഷിച്ചതെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. മനുഷ്യരും വളർത്തു നായകളും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥകൾ നിരവധി തവണ വാ‍‍‍ർത്തകളിൽ നിറഞ്ഞിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here