അഭ്യര്‍ത്ഥന അംഗീകരിച്ച് നിപ്പ രോഗികളെ പരിചരിക്കാന്‍ ഡോ. കഫീര്‍ ഖാനെ സ്വാഗതം ചെയ്ത് പിണറായി

0

തിരുവനന്തപുരം: നിപ്പ വൈറസ് ബാധിതരെ പരിചരിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന ഡോ. കഫീല്‍ഖാന്റെ ആവശ്യം അംഗീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഡോ. കഫീല്‍ഖാനെ പോലെയുള്ളവര്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നതില്‍ സര്‍ക്കാരിന് സന്തോഷമേയുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസബുക്ക് പോസ്റ്റില്‍ കുറിച്ചു. അങ്ങനെയുള്ള ഡോക്ടര്‍മാരും വിദഗ്ധരും ആരോഗ്യവകുപ്പ് ഡയറക്ടറുമായോ കോഴിക്കോട് മെഡിക്കല്‍ കോളജ് സൂപ്രണ്ടുമായോ ബന്ധപ്പെടണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

നിപ്പ വൈറസ്ബാധ കണ്ടെത്തിയ കോഴിക്കോട് ജില്ലയില്‍ സേവനമനുഷ്ഠിക്കാന്‍ സന്നദ്ധനാന്നെന്നും അതിന് തനിക്ക് അവസരം നല്‍കണമെന്നും അഭ്യര്‍ത്ഥിച്ച യു.പി.യിലെ ഡോക്ടര്‍ കഫീല്‍ഖാന്‍റെ സമൂഹമാധ്യമത്തിലെ സന്ദേശം കാണാനിടയായി. വൈദ്യശാസ്ത്രരംഗത്ത് സ്വന്തം ആരോഗ്യമോ ജീവന്‍പോലുമോ പരിഗണിക്കാതെ അര്‍പ്പണബോധത്തോടെ സേവനമനുഷ്ഠിക്കുന്ന ധാരാളം ഡോക്ടര്‍മാരുണ്ട്. അവരില്‍ ഒരാളായാണ് ഞാന്‍ ഡോ. കഫീല്‍ഖാനെയും കാണുന്നത്. സഹജീവികളോടുള്ള സ്നേഹമാണ് അവര്‍ക്ക് എല്ലാറ്റിലും വലുത്.

കോഴിക്കോട് ജില്ലയില്‍ പേരാമ്പ്രക്കടുത്ത് ചില സ്ഥലങ്ങളില്‍ നിപ്പ വൈറസ് ബാധയുണ്ടായ സാഹചര്യത്തില്‍ രോഗം നിയന്ത്രിക്കുന്നതിന് സര്‍ക്കാരിനെ സഹായിക്കാന്‍ സ്വയം സന്നദ്ധരായി ധാരാളംപേര്‍ രംഗത്തു വന്നിട്ടുണ്ട്. അവരില്‍ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരുമുണ്ട്. ഡോ. കഫീല്‍ഖാനെപ്പോലെയുള്ളവര്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നതില്‍ സര്‍ക്കാരിന് സന്തോഷമേയുള്ളൂ. അങ്ങനെയുള്ള ഡോക്ടര്‍മാരും വിദഗ്ധരും ആരോഗ്യവകുപ്പ് ഡയറക്ടറുമായോ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടുമായോ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

കേരളത്തിന് പുറത്തു ജോലിചെയ്യുന്ന മലയാളികളായ ചില പ്രഗത്ഭ ഡോക്ടര്‍മാര്‍ ഇതിനകം തന്നെ കോഴിക്കോട്ടെത്തിയിട്ടുണ്ട്. അവരോടെല്ലാം കേരള സമൂഹത്തിന് വേണ്ടി നന്ദി അറിയിക്കുന്നു.

 

സുബഹി നമസ്‌കാരത്തിനുശേം ഉറങ്ങാന്‍ ശ്രമിച്ചിട്ടു കഴിയുന്നില്ലെന്നും നിപ്പാ വൈറസ് മരണങ്ങള്‍ വേട്ടയാടുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ കോഴിക്കോട്ട് പ്രവര്‍ത്തിക്കാന്‍ കഫീല്‍ ഖാന്‍ അനമതി തേടിയത്. സിസ്റ്റല്‍ ലിനി പ്രചോദനമാണെന്നും സ്വന്തം ജീവിതം സേവനത്തിനുവേണ്ടി മാറ്റി വയ്ക്കാന്‍ ഒരുക്കമാണെന്നും വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ ജയിലില്‍ അടയ്ക്കപ്പെട്ട കഫീല്‍ ഖാന് അടുത്തിടെയാണ് ജാമ്യം ലഭിച്ചത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here