തിരുവനന്തപുരം: ആന്ധ്രയിലെ ദമ്പതികള്‍ക്കു ശിശുക്ഷേമ സമിതി കൈമാറിയതു അനുപമയുടെയും അജിത്തിന്റെയും കുഞ്ഞിനെയാണെന്നു തെളിഞ്ഞു. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ നടത്തിയ ഡി.എന്‍.എ പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്. പിന്നാലെ അനുപമയും അജിത്തും ശിശുക്ഷേമ സമിതിയിലെത്തി കുഞ്ഞിനെ കണ്ടു.

കുന്നുകുഴിയിലുള്ള നിര്‍മല ശിശുഭവനിലെത്തിയാണ് ഇരുവരും കുഞ്ഞിനെ കണ്ടത്. കുഞ്ഞിനെ കാണാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് കുഞ്ഞിനെ കണ്ടശേഷം അനുപമ പറഞ്ഞു. കോടതിയിലെ നടപടിക്രമങ്ങള്‍ പുര്‍ത്തിയാക്കി, കുഞ്ഞിനെ എത്രയും വേഗം അനുപമയ്ക്കു കൈമാറുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു.

മൂന്ന് തവണ ഡിഎന്‍എ സാമ്പിള്‍ ക്രോസ് മാച്ച് ചെയ്തപ്പോഴും മാതാവ് അനുപമയും പിതാവ് അജിത്തുമാണെന്ന് ഫലം ലഭിച്ചു. പരിശോധനാഫലം ഔദ്യോഗികമായി അനുപമയേയും അജിത്തിനേയും അറിയിച്ചിട്ടില്ല. ഡിഎന്‍എ പരിശോധനാ ഫലം സിഡബ്ല്യുസിക്ക് കൈമാറിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് സിഡബ്ല്യുസി കോടതിയില്‍ സമര്‍പ്പിക്കും.

സി.ഡബ്ല്യു.സി. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കുഞ്ഞിനെ ഞായറാഴ്ച രാത്രിയാണ് ആന്ധ്രയില്‍നിന്നും തിരുവനന്തപുരത്തെത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here