തിരുവനന്തപുരം: കെ.എസ്. ശബരീനാഥന്‍ എം.എല്‍.എയുടെ ഭാര്യയും തിരുവനന്തപുരം സബ്കലക്ടറുമായ ദിവ്യ എസ്. അയ്യര്‍ക്കെതിരേ നടപടിവേണമെന്ന ആവശ്യം പരിഗണിച്ച് കടുത്ത നിലപാടുമായി റവന്യൂവകുപ്പ്. വര്‍ക്കലയിലെ കോടികള്‍ വിലയുള്ള സര്‍ക്കാര്‍ഭൂമി സ്വകാര്യവ്യക്തിക്ക് പതിച്ചുനല്‍കിയ ദിവ്യയുടെ നടപടിയാണ് വിവാദമായത്. മന്ത്രി ഇ. ചന്ദ്രശേഖരന്റെ നിര്‍ദ്ദേശപ്രകാരം കലക്ടര്‍ കെ. വാസുകി സബ്കലക്ടറുടെ ഉത്തരവ് റദ്ദാക്കിയിട്ടുണ്ട്. സി.പി.എം. ജില്ലാനേതൃത്വവും ദിവ്യ എസ്. അയ്യര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് രംഗത്തുവന്നു.

സബ്കലക്ടറെ സസ്‌പെന്റ് ചെയ്യണമെന്നും വിജിലന്‍സ് അന്വേഷണം വേണമെന്നും ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ആവശ്യപ്പെട്ടു. ജി. കാര്‍ത്തികേയന്റെ ഗണ്‍മാന്റെ കുടുംബത്തിനാണ് ഭൂമി ദാനംചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. വര്‍ക്കല ഇലകമണ്‍ പഞ്ചായത്ത് പരിധിയിലുള്ള റോഡ്‌വക്കത്തെ ഭൂമിയാണ് പതിച്ചുനല്‍കിയിരിക്കുന്നത്. സംഭവം രാഷ്ട്രീയവത്ക്കരിക്കുന്നതില്‍ ദുരൂഹതയുണ്ടെന്ന് ശബരീനാഥന്‍ എം.എല്‍.എയും പ്രതികരിച്ചിരുന്നു.

ഗുരുതരമായ ചട്ടലംഘനം നടന്നോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രിയുടെ നിര്‍ദ്ദേശം. ചട്ടലംഘനമുണ്ടെന്ന് തെളിഞ്ഞാല്‍ സബ്കലക്ടര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നാണ് റവന്യൂവകുപ്പ് നല്‍കുന്ന സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here