ഡല്‍ഹി: വടക്കു കിഴക്കല്‍ ഡല്‍ഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ചിനു കൈമാറി. ഡെപ്യൂട്ടി കമ്മിഷണര്‍മാരായ ജോയ് ടിര്‍ക്കി, രാജേഷ് ദിയോ എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ട് പ്രത്യേക സംഘങ്ങളെ കേസ് അന്വേഷങ്ങള്‍ക്കു ചുമതലപ്പെടുത്തി. നാലു അസിസ്റ്റന്റ് കമ്മിഷണര്‍മാര്‍ വീതം രണ്ടു സംഘങ്ങളിലും ഉണ്ടാകും. അഡീഷണല്‍ പോലീസ് കമ്മിഷണര്‍ ബി.കെ. സിംഗിനാകും അന്വേഷണത്തിന്റെ മേല്‍നോട്ടം.
48 കേസുകളാണ് ഇതുവരെ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതേസമയം, കലാപത്തില്‍ മരിച്ചവരുടെ കുടുംബത്തിനു പത്തു ലക്ഷം രൂപവീതം ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കും. അംഗവൈകല്യം സംഭവിച്ചവര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കും. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷവും ചെറിയ രീതിയില്‍ പരിക്കേറ്റവര്‍ക്ക് 20,000 രൂപയും നല്‍കും.
അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് വ്യക്തമാക്കി. കോണ്‍ഗ്രസായാലും ബി.ജെ.പിയായാലുും ആം ആദ്മി പാര്‍ട്ടിയായാലും നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.