ഇസ്രായേല്‍ എംബസിക്ക് സമീപം സ്‌ഫോടനം: ഉപയോ​ഗിച്ചത് ഉ​ഗ്രശേഷിയുള്ള സ്ഫോടക വസ്തു

ഡല്‍ഹി: ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്ക് സമീപം നടന്ന സ്ഫോടനത്തില്‍ ഉപയോഗിച്ചത് ഉഗ്രശേഷിയുള്ള സ്‌ഫോടന വസ്തുവെന്ന് ഉ​​ഗ്ര സ്ഫോടക ശേഷിയുള്ള പിഇടിഎന്‍ (പെന്റാ എറിത്രിറ്റോള്‍ ടെട്രാ നൈട്രേറ്റ്) ഉപയോ​ഗിച്ചാണ് സ്ഫോടനം നടത്തിയത്. ഒ​ന്‍​പ​ത് വാ​ട്ട് ഹൈ​വാ​ട്ട് ബാ​റ്റ​റി​യും ക​ണ്ടെ​ടു​ത്തു. സ്ഫോടനത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ ഇന്ത്യന്‍-ഇസ്രായേല്‍ ഏജന്‍സികള്‍ സഹകരിച്ച്‌ അന്വേഷണം നടത്തുമെന്ന് ഇസ്രായേല്‍ അംബാസഡര്‍ റോണ്‍ മാല്‍ക്ക പറഞ്ഞു.

സൈനിക നിലവാരത്തിലുള്ള സ്ഫോടകവസ്തുവായ പി‌ഇ‌ടി‌എന്‍‌ എളുപ്പത്തില്‍‌ ലഭ്യമല്ല. കൂടാതെ ബോംബുകള്‍‌ നിര്‍മ്മിക്കുന്നതിന് മുന്‍പ് അല്‍ ഖ്വയ്ദ തീവ്രവാദ സംഘടനകള്‍ ഇത് ഉപയോഗിച്ചിട്ടുണ്ട്.

സ്‌ഫോടന സ്ഥലത്തു നിന്ന് ട്രാന്‍സിസ്റ്റര്‍ റേഡിയോകളില്‍ ഉപയോഗിക്കുന്ന ഒ​ന്‍​പ​ത് വാ​ട്ട് ഹൈ​വാ​ട്ട് ബാ​റ്റ​റി​യുടെ അവശിഷ്ടങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇത്തരം ബാറ്ററികള്‍ ഇന്ത്യന്‍ മുജാഹിദീനും ലഷ്‌കര്‍-ഇ-തോയിബയും ചേര്‍ന്നു നിര്‍മിക്കുന്ന ബോംബുകളില്‍ നേരത്തെ ഉപയോഗിച്ചിരുന്നു. എന്നാല്‍ എളുപ്പത്തില്‍ ലഭ്യമായ അമോണിയം നൈട്രേറ്റാണ് ഇന്ത്യന്‍ മുജാഹിദീന്‍ കൂടുതലും ബോംബുകള്‍ ഉണ്ടാക്കാറുള്ളത്.

ഡോ. എ പി ജെ അബ്ദുള്‍ കലാം റോഡിലെ ഇസ്രായേല്‍ എംബസിയുടെ സമീപത്ത് നിന്ന് കണ്ടെത്തിയ സ്ഫോടക വസ്തു ബോള്‍ ബെയറിങ് ഉപയോഗിച്ച്‌ പാക്ക് ചെയ്ത് ക്യാനിലാക്കി ഫ്ലവര്‍ വേസില്‍ നിറയ്ക്കുകയായിരുന്നുവെന്നാണ് വൃത്തങ്ങള്‍ പറയുന്നത്. ബോള്‍ ബെയറിങ് ചിതറി തെറിച്ചായിരുന്നു കാറിന്റെ ചില്ലുകള്‍ തകര്‍ന്നത്. തീവ്രത കുറഞ്ഞ ഐഇഡി ഉപയോഗിച്ചതിനാല്‍ മുന്നറിയിപ്പ് നല്‍കുക മാത്രമായിരുന്നു ശ്രമം എന്നാണ് പ്രാഥമിക വിലയിരുത്തല്‍.

വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ശേഷമാണ് സ്‌ഫോടനം ഉണ്ടായത്. മണിക്കൂറുകള്‍ക്ക് ശേഷം പാരീസിലെ ഇസ്രായേല്‍ എംബസിക്ക് സമീപത്തും ബോംബ് കണ്ടെത്തി. ഇസ്രായേല്‍ സ്ഥാപനങ്ങള്‍ക്കെതിരെ ഏകോപിത ആക്രമണം നടത്താനുള്ള ശ്രമമാണിതെന്ന് വിലയിരുത്തലിലാണ് അന്വേഷണം നടക്കുന്നത്.

2012 ല്‍ ന്യൂഡല്‍ഹിയില്‍ ഒരു ഇസ്രായേല്‍ നയതന്ത്രജ്ഞന്റെ കാറിന് നേരെയുണ്ടായ ആക്രമണത്തിനിടയിലും സമാനമായ സംഭവങ്ങള്‍ നടന്നിട്ടുണ്ട്. അതേ ദിവസം തന്നെ ജോര്‍ജിയയിലെ ഇസ്രായേല്‍ എംബസിക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന കാറിനടിയില്‍ ബോംബ് കണ്ടെത്തി. തായ്‌ലാന്‍ഡിലെ ഇസ്രായേല്‍ എംബസിക്ക് സമീപവും അന്ന് ആക്രമണം നടന്നു. അന്നത്തെ മൂന്ന് ആക്രമണങ്ങള്‍ക്ക് പിന്നിലും ഒരു ഇറാനിയന്‍ സംഘമാണെന്ന് സംശയിച്ചിരുന്നുവെങ്കിലും ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ ആരോപണം നിരസിച്ചു.

“ഇവിടെയും ചില ഇറാനിയന്‍ സംഘങ്ങളെയാണ് സംശയം. എന്നാല്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെയോ അല്‍ ഖ്വയ്ദയുടെയോ ഇടപെടല്‍ തള്ളിക്കളയാനാവില്ല. സ്ഫോടനം തീവ്രത കുറഞ്ഞതായതിനാല്‍ ഒരു സന്ദേശം നല്‍കലായിരുന്നു ലക്ഷ്യം,” ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ആകസ്മികമായി, “സ്ഫോടനം നടന്ന സ്ഥലത്ത്” ഇസ്രായേല്‍ എംബസി അംബാസഡറെ “അഭിസംബോധന ചെയ്ത ഒരു കവര്‍ കണ്ടെത്തി. കത്തില്‍ ഭീഷണി സന്ദേശമായിരുന്നു. സ്ഫോടനത്തെ “ട്രെയിലര്‍” എന്നാണ് വിശേഷിപ്പിക്കുന്നത്. 2020 ജനുവരിയില്‍ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ ജനറല്‍ ക്വാസിം സുലൈമാനി, നവംബറില്‍ കൊല്ലപ്പെട്ട ആണവ ശാസ്ത്രഞ്ജന്‍ മൊഹസെന്‍ ഫക്രിസാദ എന്നിവരെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്.

ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ സഹായത്തോടെ ഒന്നിലധികം സംഘങ്ങള്‍ സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ടെന്ന് വൃത്തങ്ങള്‍​ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here