ഡല്‍ഹി പോലീസിനു രൂക്ഷ വിമര്‍ശനം, ഹൈക്കോടതി അമിക്കസ്‌ക്യൂറിയെ നിയോഗിച്ചു, ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസ്

0
6

ഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ പോലീസിനെയും സോളിസിറ്റര്‍ ജനറലിനെയും രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി. അക്രമത്തിന്റെ ദൃശ്യങ്ങള്‍ ആയിരങ്ങള്‍ കണ്ടിട്ടും പോലീസ് കണ്ടില്ലേയെന്ന് കോടതി ചോദിച്ചു. ബി.ജെ.പി നേതാവ് കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗങ്ങളെക്കുറിച്ച് അറിയില്ലേയെന്നും പോലീസ് ആരാഞ്ഞു.

22 പേര്‍ കൊല്ലപ്പെട്ട ഡല്‍ഹി കലാപത്തില്‍ ബി.ജെ.പി നേതാക്കളായ കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍, പര്‍വേശ് വര്‍മ, അഭയ് വര്‍മ എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു.

ഡല്‍ഹിയില്‍ 1984 ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നു വ്യക്തമാക്കിയ കോടതി കലപാത്തില്‍ അമിക്കസ്‌ക്യൂറിയായി അഡ്വ. സുബൈദ ബീഗത്തെ നിയോഗിച്ചു. കലാപത്തിനിരയായവരും സര്‍ക്കാരും തമ്മിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ് അമിക്കസ്‌ക്യുരിയെ നിയോഗിച്ചത്. കലാപത്തില്‍ വീടുകള്‍ ന്ഷ്ടപ്പെട്ടവര്‍ക്ക് ഷെല്‍ട്ടര്‍ ഹോമുകള്‍ തയ്യാറാക്കാനും ഹൈക്കോടതി നിര്‍ദേശം നല്‍കി.

വീഡിയോ ശ്രദ്ധയില്‍പ്പെട്ടില്ലെന്ന നിലപാട് സ്വീകരിച്ച സോളിസിറ്റര്‍ ജനറലിന്റെയും പോലീസ് ഉദ്യോഗസ്ഥരുടെയും നിലപാടിനെ തുടര്‍ന്ന് കോടതി കപില്‍ മിശ്രയുടെ പ്രകോപനപരമായ പ്രസംഗം പ്രദര്‍ശിപ്പിച്ചു. പ്രസംഗം നടക്കുമ്പോള്‍ കപില്‍ മിശ്രയുടെ സമീപം നില്‍ക്കുകയായിരുന്ന സബ് ഇന്‍സ്‌പെക്ടറെ കോടതിയില്‍ ഹാജരായിരുന്ന പോലീസ് ഓഫീസര്‍ തിരിച്ചറിഞ്ഞു. കേസ് നാളത്തേക്കു മാറ്റണമെന്ന സോളിസിറ്റര്‍ തുഷാര്‍ മേത്തയുടെ വാദവും കോടതി അംഗീകരിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here