- Update: കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്തേക്ക് കര്‍ഷകര്‍ നടത്തുന്ന ദില്ലി ചലോ മാര്‍ച്ചിന് അനുമതി. കനത്ത പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് മാര്‍ച്ചിന് അനുമതി നല്‍കിയിരിക്കുന്നത്. വടക്കന്‍ ദില്ലിയിലെ ബുരാരിയിലും നിരാന്‍ ഖാരി മൈതാനത്തും പ്രതിഷേധം അനുവദിക്കും.
ഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ഡല്‍ഹിയിലെ ഒന്‍പത് സ്റ്റേഡിയങ്ങള്‍ വേണമെന്ന പോലീസിന്റെ ആവശ്യം നിഷേധിച്ച് ആം ആദ്മി സര്‍ക്കാര്‍. ഇക്കാര്യം സര്‍ക്കാര്‍ പോലീസിനെ അറിയിച്ചു.
അറസ്റ്റു ചെയ്ത് ജയിലിലാക്കാന്‍ നമ്മുടെ രാജ്യത്തെ കര്‍ഷകര്‍ കുറ്റവാളികളോ തീവ്രവാദികളോ അല്ല. ഇന്ത്യന്‍ ഭരണഘടന സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഉറപ്പുനല്‍കുന്നുണ്ട്. ആര്‍ട്ടിക്കിള്‍ 19 (1) പ്രകാരമുള്ള പ്രതിഷേധം ഒരു സ്വതന്ത്ര ജനാധിപത്യ സമൂഹത്തിന്റെ മുഖമുദ്രയാണെന്ന് ആം ആദ്മി നേതാവ് രാഘവ് ചദ്ദ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെയുള്ള കര്‍ഷകരുടെ പ്രതിഷേധം ശക്തിപ്രാപിക്കുന്നതിനിടെയാണ് ഡല്‍ഹിയിലെ ഒന്‍പത് സ്റ്റേഡിയങ്ങള്‍ താത്കാലിക ജയിലാക്കി മാറ്റാന്‍ പോലീസ് ശ്രമം ആരംഭിച്ചത്. ഇതിനായുള്ള അനുവാദത്തിനായി പോലീസ് ഡല്‍ഹി സര്‍ക്കാരിനെ സമീപിച്ചെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതിഷേധത്തിന്റെ രണ്ടാം ദിവസവും പോലീസും കര്‍ഷകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ വച്ച് കര്‍ഷകരെ പോലീസ് തടഞ്ഞിരുന്നു. തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. കര്‍ഷകരെ പ്രതിരോധിക്കാന്‍ കേന്ദ്രസേനയെ കേന്ദ്രസര്‍ക്കാര്‍ രംഗത്തിറക്കിയിട്ടുണ്ട്.