ഡല്‍ഹിക്ക് ആവശ്യമായ ഓക്‌സിജന്‍ ക്വാട്ട നല്‍കണം’; കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഓക്‌സിജന്‍ ക്ഷാമം അനുഭവിക്കുന്ന ഡല്‍ഹിക്ക് ആവശ്യമായ ഓക്‌സിജന്‍ ക്വാട്ട നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. ഡല്‍ഹിക്ക് 700 മെട്രിക് ടണ്‍ ഓക്‌സിജന്‍ ആവശ്യമായി വരുന്നുണ്ട്. എന്നാല്‍ നിലവില്‍ 550 മെട്രിക് ടണ്‍ ഓക്‌സിജനാണ് ലഭിക്കുന്നത്. അതേസമയം എത്ര ഓക്‌സിജന്‍ വിതരണം നടത്താനാകുമെന്ന് ബുധനാഴ്ച അര്‍ദ്ധരാത്രിയോടെ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, എം ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. ഡല്‍ഹിയിലേക്ക് ഓക്‌സിജന്‍ വിതരണം ചെയ്യുന്നതിനുള്ള ഉത്തരവുകള്‍ പാലിക്കാത്തത് എന്തുകൊണ്ടാണെന്ന് കേന്ദ്രത്തോട് കോടതി ചോദിച്ചു. അതേസമയം ഡല്‍ഹിക്ക് 700 മെട്രിക് ടണ്‍ ഓക്‌സിജന്‍ ആവശ്യമില്ലെന്ന കേന്ദ്രത്തിന്റെ വാദത്തെ കോടതി നിരസിച്ചു. ‘ഓക്‌സിജന്റെ ആവശ്യം കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനായി സാധ്യമായ എല്ലാ സ്രോതസ്സുകള്‍ക്കായി ശ്രമിക്കുന്നുണ്ട്. തുല്യമായ ഓക്‌സിജന്‍ വിതരണം ഉറപ്പാക്കുന്നുണ്ട്’സോളിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.

ഓക്‌സിജന്‍ ആവശ്യങ്ങള്‍ കണക്കക്കാന്‍ കേന്ദ്രത്തിന് ഒരു ഫോര്‍മുലയുണ്ടെന്നും അത് വിശദമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രാജ്യത്ത് വിവധ സ്ഥലങ്ങളില്‍ ഓക്‌സിജന്‍ ആവശ്യം വ്യത്യസ്തമായിരിക്കുമെന്നും ഒരു സ്റ്റാറ്റിക് ഫോര്‍മുല ഉള്ളതുകൊണ്ട് പ്രയോജനമില്ലെന്നും കോടതി പറഞ്ഞു.

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് രേഖപ്പെടുത്തിയ പുതിയ കോവിഡ് രോഗികളുടെ എണ്ണം 3,82,315 ആണ്. 3,780 പേര്‍ കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരണപ്പെട്ടു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്നലെ 3,38,439 പേര്‍ ഇന്നലെ രോഗമുക്തരായി ആശുപത്രി വിട്ടു.

രാജ്യത്തെ മൊത്തം കോവിഡ് കണക്കുകള്‍ 2,06,65,148 ആയി. 1,69,51,731 പേര്‍ രോഗമുക്തരായി. ഇതുവരെ മരിച്ചവരുടെ എണ്ണം 2,26,188 ആണ്. 34,87,229 ആക്ടീവ് കേസുകളാണുള്ളത്. 16,04,94,188 പേര്‍ ഇതുവരെ രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചു.

മഹാരാഷ്ട്ര, കര്‍ണാടക, കേരളം, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളില്‍ കേരളം മൂന്നാമതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റില്‍ ഉണ്ടാകുന്ന വര്‍ദ്ധനവ് കാണിക്കുന്നത് കേരളത്തില്‍ രോഗം ഉച്ചസ്ഥായിയില്‍ എത്താന്‍ ഇനിയും സമയമെടുക്കും എന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രോഗവ്യാപനം ഇനിയും കൂടുമെന്ന് അതില്‍ നിന്നും മനസ്സിലാക്കാം. രണ്ടാം തരംഗം ഇന്ത്യയില്‍ ഗ്രാമങ്ങളിലേക്കും വ്യാപിച്ചു എന്നാണ് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. നഗരങ്ങളില്‍ മാത്രം ഒതുങ്ങിയില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗ്രാമീണമേഖലയില്‍ ആരോഗ്യ സംവിധാനങ്ങളുടെ കുറവ് ഇത് ഗുരുതരമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അടുത്ത പത്ത് ദിവസം കൊണ്ട് കോവിഡ് പ്രതിദിന രോഗികളുടെ എണ്ണവും ചികിത്സയിലുള്ള രോഗികളുടെ എണ്ണവും ഇരട്ടിയിലധികമാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആക്ടീവ് കേസുകളുടെ എണ്ണം രണ്ട് ലക്ഷത്തില്‍ നിന്ന് മൂന്ന് ലക്ഷത്തിലേക്ക് മാറാനെടുത്ത സമയം വെറും അഞ്ച് ദിവസം മാത്രമാണെന്നും കടുത്ത നിയന്ത്രണങ്ങള്‍ എന്നതിനൊപ്പം താല്‍കാലിക അടച്ചിടല്‍ അനിവാര്യമാണെന്നുമാണ് വിദഗ്ധാഭിപ്രായം.

LEAVE A REPLY

Please enter your comment!
Please enter your name here