ഡല്‍ഹി: കര്‍ഷക സമരത്തിന്റെ ഭാഗമായി ഇന്നു നടക്കുന്ന ഭാരത് ബന്ദിന് പിന്തുണയുമായി രംഗത്തെത്തിയ രാഷ്ട്രീയ നേതാക്കളെ അറസ്റ്റ് ചെയ്തും കരുതല്‍ തടങ്കലിലാക്കിയും കേന്ദ്ര സര്‍ക്കാര്‍. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പോലീസിന്റെ വീട്ടു തടങ്കലിലാണെന്ന ആം ആദ്മി പാര്‍ട്ടി ആരോപണം ഡല്‍ഹി പോലീസ് നിഷേധിച്ചു.
ഇടതു നേതാക്കളായ കെ.കെ. രാഗേഷ്, അഖിലേന്ത്യാ കിസാന്‍ സഭ ജോയിന്റ് സെക്രട്ടറി കൃഷ്ണ പ്രസാദ് തുടങ്ങിയവരെ ബിലാസ്പൂരില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയുടെ വീട് പോലീസ് വളഞ്ഞു. ബന്ദില്‍ പങ്കെടുക്കാന്‍ പുറപ്പെടുന്നതിനിടെ, ഭീം ആര്‍മി നേതാവ് ചന്ദ്രശേഖരന് ആസാദിനെ യു.പി.പോലീസ് കസ്റ്റഡിയിലെടുത്തു.
യു.പി, ഹരിയാന സംസ്ഥാനങ്ങളില്‍ വ്യാപകമായ കരുതല്‍ തടങ്കല്‍ നടപടികളുമായി പോലീസ് മുന്നോട്ടു പോവുകയാണ്. ഹരിയാനയിലെ സി.ഐ.ടി.യു. അധ്യക്ഷന്‍ സുരേഖറാണി, മറിയം ധാവ്ലേ, അമ്രറാം തുടങ്ങിയവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളിലായി ഭാരത് ബന്ദിന്റെ ഭാഗമായുള്ള പ്രതിഷേധ നടപടികള്‍ തുടരുകയാണ്. കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ നടത്താനിരിക്കുന്ന നാലമത്തെ ചര്‍ച്ച ബുധനാഴ്ച നടക്കും.
.