ഡല്‍ഹി : രാജ്യതലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതില്‍ ആശങ്ക അറിയിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സര്‍ക്കാര്‍ കോവിഡ് പ്രതിരോധത്തിന് സാധ്യമായ നടപടികള്‍ കൈക്കൊള്ളുന്നുണ്ട്. എന്നിട്ടും രോഗവ്യാപന നിരക്ക് വര്‍ദ്ധിക്കുന്നത് അന്തരീക്ഷ മലിനീകരണം കാരണമാണെന്നും ഡല്‍ഹി മുഖ്യമന്ത്രി വിശദീകരിച്ചു. ഏഴു മുതല്‍ പത്ത് ദിവസത്തിനുള്ളില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാകും. അതിന് ശേഷം കൂടുതല്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും ഡല്‍ഹി മുഖ്യമന്ത്രി വിശദീകരിച്ചു.

     അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി 24 ഗ്രാമങ്ങളില്‍ കൃഷി അവശിഷ്ടങ്ങള്‍ അഴുകി നശിപ്പിക്കുന്ന പദ്ധതി ഡല്‍ഹി സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. മറ്റ് ഗ്രാമങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ കൃഷി അവശിഷ്ടങ്ങള്‍ കത്തിക്കുന്ന പുകയാണ് ഡല്‍ഹിയെ മലിനമാക്കുന്നതെന്നതാണ് സര്‍ക്കാര്‍ നേരിടുന്ന പ്രധാന വെല്ലുവിളി.
     ഡല്‍ഹിയില്‍ കോവിഡ് വ്യാപന നിരക്ക് കൂടുന്നതിനെ കഴിഞ്ഞ ദിവസം ഹൈക്കോടതിയും വിമര്‍ശിച്ചിരുന്നു. സര്‍ക്കാരിന്റെ 'അണ്‍ലോക്ക്' പ്രക്രിയ കാര്യക്ഷമമല്ലെന്നും ജനങ്ങളുടെ ജീവന്‍ വച്ച് കളിക്കരുതെന്നും കോടതി സര്‍ക്കാരിന് മുന്നറിയിപ്പും നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here