കര്‍ഷകര്‍ പിന്നില്‍ നിന്ന് കുത്തി’; ഒളിവില്‍നിന്നും പുതിയ വീഡിയോയുമായി ദീപ് സിദ്ദു; പോലീസ് കേസെടുത്തു

ഡല്‍ഹി:കര്‍ഷകസംഘടനകളുടെ ട്രാക്ടര്‍ റാലിയ്ക്കിടെ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് നടനും ആക്റ്റിവിസ്റ്റുമായി ദീപ് സിദ്ദു ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ത്ത് പോലീസ് കേസെടുത്തു. ദീപ് സിദ്ദു ഇപ്പോള്‍ ഒളിവിലാണെന്നും എവിടെയാണെന്ന് ഇതുവരെ കണ്ടെത്താനാകാത്തതിനാലാണ് അറസ്റ്റ് വൈകുന്നതെന്നും ഡല്‍ഹി പോലീസ് പറഞ്ഞു. സിദ്ദു ഉള്‍പ്പെടെ 37 കര്‍ഷകസംഘടനാ നേതാക്കളെ പ്രതിചേര്‍ത്താണ് പോലീസ് എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയതും അക്രമസംഘത്തിന് നേതൃത്വം നല്‍കിയതും സിദ്ദുവാണെന്ന് കര്‍ഷകസംഘടനാനേതാക്കള്‍ ആരോപിച്ചിരുന്നു. ബിജെപി ബന്ധമുള്ള സിദ്ദുവിനെ സംരക്ഷിക്കാന്‍ ഡല്‍ഹി  പോലീസ് ശ്രമിക്കുകയാണെന്നും വ്യാപകമായ ആക്ഷേപം ഉയര്‍ന്നിരുന്നു.

ഇതിനിടെ അജ്ഞാതകേന്ദ്രത്തില്‍ നിന്നും പുതിയ ഒരു ഫേസ്ബുക്ക് വീഡിയോയുമായി സിദ്ദു രംഗത്തെത്തി. വിവാദ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന ചില കര്‍ഷകനേതാക്കള്‍ തന്നെ പിന്നില്‍ നിന്ന് കുത്തിയതായി സിദ്ദു വീഡിയോയിലൂടെ ആരോപിക്കുന്നു. കര്‍ഷകരോഷം വിളിച്ചോതുന്നതിനാണ് ചെങ്കോട്ടയില്‍ കൊടി നാട്ടിയതെന്ന് സിദ്ദു പുതിയ വീഡിയോയിലൂടെ ന്യായീകരിക്കുന്നു. താന്‍ രാജ്യ‌ദ്രോഹിയാണെങ്കില്‍ സമരത്തില്‍ പങ്കെടുത്ത കര്‍ഷകരും രാജ്യദോഹികള്‍ തന്നെയല്ലേയെന്നും സിദ്ദു വീഡിയോയിലൂടെ ചോദിക്കുന്നു.

അക്രമണങ്ങളില്‍ ഗുണ്ടാനേതാവ് ലാഖ സിദ്ദാനയ്ക്കും മുഖ്യപങ്കുണ്ടെന്ന് മുന്‍പ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സമാധാനപരമായ കര്‍ഷകസമരം അക്രമാസക്തമായതിന് പിന്നില്‍ ദീപ് സിദ്ദുവിനും ലാഖ സിദ്ദാനയ്ക്കും മുഖ്യപങ്കുണ്ടെന്നാണ് ദേശീയമാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. ഇരുവരും കര്‍ഷകര്‍സംഘത്തിനൊപ്പം നുഴഞ്ഞു കയറി സമരം അട്ടിമറിക്കാനാണ് ശ്രമിച്ചതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. റിപ്പബ്ലിക്ദിനത്തിലെ ട്രാക്ടര്‍മാര്‍ച്ചിന് രണ്ടുദിവസം മുന്‍പ് തന്നെ ഇരുവരും ഡല്‍ഹിയിലെത്തിയിരുന്നു. മാത്രമല്ല, സിംഘു അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കിടയില്‍ അക്രമാഹ്വാനം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിദ്ദുവിനൊപ്പമുണ്ടായിരുന്ന ഗുണ്ടാനേതാവ് ലാഖയുടെ പേരില്‍ 26 കേസുകളാണ് വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സമരത്തിനുള്ളില്‍ നുഴഞ്ഞുകയറി കര്‍ഷകരെ കലാപത്തിന് പ്രേരിപ്പിച്ച്‌ ചെങ്കോട്ടയിലേക്ക് മാര്‍ച്ച്‌ വഴിതിരിച്ചു വിട്ടതും ദീപ് സിദ്ദുവാണെന്ന ആരോപണമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here