തിരുവനന്തപുരം: അമേരിക്കൻ കമ്പനി ഇ.എം.സി.സിയുമായി ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് കെ.എസ്.ഐ.ഡി.സി ഉണ്ടാക്കിയ കരാർ സർക്കാർ റദ്ദാക്കി. പ്രതിപക്ഷ ആരോപണത്തിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശത്തെ തുടർന്നാണ് നടപടി. മന്ത്രിയും സർക്കാരും വഞ്ചിച്ചുവെന്ന് ആരോപിച്ച് ഇ.എം.സി.സിയും രംഗത്തെത്തി.
ധാരണാപത്രം ഒപ്പിടാനുണ്ടായ സാഹചര്യം അന്വേഷിക്കാനും സർക്കാർ തീരുമാനിച്ചു. ഇതിനായി ആഭ്യന്തര സെക്രട്ടറി ടി.കെ. ജോസിനെ ചുമതലപ്പെടുത്തി. കെ.എസ്.ഐ.ഡി.സി എം.ഡി. എൻ. പ്രശാന്താണ് കരാറിൽ ഒപ്പിട്ടിട്ടുള്ളത്. പ്രശാന്തിന്റെ തലയിൽ ധാരണാപത്രത്തിന്റെ ഉത്തരവാദിത്വം കെട്ടിവയ്ക്കാനുള്ള നീക്കം പൊളിക്കുന്നതാണ് ഇ.എം.സി.സിയുടെ ഭാഗത്തുനിന്നും കരാർ റദ്ദാക്കിയപ്പോൾ ഉണ്ടായ പ്രതികരണം.
എല്ലാ കാര്യങ്ങളും സർക്കാരിന് വ്യക്തമായി അറിയാമായിരുന്നുവെന്ന് പ്രതികരിച്ച കമ്പനി അധികൃതർ ഇതുവരെയും നയത്തിന്റെ പ്രശ്നം ചൂണ്ടിക്കാട്ടപ്പെട്ടിരുന്നില്ലെന്നും വിശദീകരിക്കുന്നു. മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മ തുടർച്ചയായി കള്ളം പറയുകയാണെന്നും കമ്പനി തുറന്നടിച്ചു.