ഹര്‍ത്താല്‍ തുടങ്ങി, വാഹനങ്ങള്‍ തടയുന്നു, അറസ്റ്റുകള്‍

0

തിരുവനന്തപുരം: പട്ടികജാതി, പട്ടികവര്‍ഗ പീഡന നിരോധന നിയമം പുന:സ്ഥാപിക്കാന്‍ പാര്‍ലമെന്റ് ഇടപെടണമെന്ന് ആവശ്യപ്പെട്ട് നടന്ന ഭാരത് ബന്ദിലെ വെടിവയ്പ്പിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. പല ജില്ലകളിലും സമരാനുകൂലികള്‍ കെ.എസ്.ആര്‍.ടി.സി. സര്‍വീസ് അടക്കം തടസപ്പെടുത്തി. നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങളും തടഞ്ഞു.

തമ്പാനൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ റോഡ് ഉപരോധിച്ചു. കോട്ടയത്ത് കെഎസ്ആര്‍ടിസി താല്‍ക്കാലികമായി സര്‍വിസ് നിര്‍ത്തിവച്ചു. കൊച്ചിയില്‍ ഹര്‍ത്താല്‍ ഭാഗികമാണ്. വാഹനം തടഞ്ഞതിനെതുടര്‍ന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് ഗീതാനന്ദനെ പൊലിസ് കസ്റ്റഡിയിലെടുത്തു. പല സ്ഥലങ്ങളിലും കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്കു നേരെ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തൃശൂര്‍ വലപ്പാട് ബസിനു നേരെയുണ്ടായ കല്ലേറില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. കരുനാഗപ്പള്ളി കെ.എസ്.ആര്‍.ടി.സി യൂണിറ്റിലെ ഒരു ബസിന്റെ പുറകിലെ ഗ്ലാസ് എറിഞ്ഞു തകര്‍ത്തു. ദേശീയ പാതയില്‍ പല സ്ഥലങ്ങളിലും സംഘര്‍ഷാവസ്ഥയുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, പോലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്നും പരാതികള്‍ ഉയരുന്നു. ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ കാലിക്കറ്റ്, ആരോഗ്യ സര്‍വകലാശാല പരീക്ഷകള്‍ മാറ്റി. എന്നാല്‍, മറ്റു പരീക്ഷകള്‍ മാറ്റി വച്ചിട്ടില്ല.

മുപ്പതോളം വരുന്ന ദലിത്, ആദിവാസി സംഘടനകളാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, വെല്‍ഫെയര്‍ പാര്‍ട്ടി, പി.ഡി.പി, ദലിത് ലീഗ് തുടങ്ങിയ സംഘടനകളും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here