തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി കസ്റ്റംസ്. കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബി, അറ്റാഷെ റാഷിദ് ഖാമിസ്, ചീഫ് അക്കൗണ്ടന്റ് ഖാലിദ് എന്നി പ്രതികള്‍ക്ക് കസ്റ്റംസ് നല്‍കിയ ഷോക്കോസ് നോട്ടീസിലാണ് സര്‍ക്കാരിനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളുള്ളത്.

260 പേജുള്ള ഷോക്കോസ് നോട്ടിസാണ് കസ്റ്റംസ് പ്രതികള്‍ക്ക് അയച്ചത്. സരിത്തിനെയും സ്വപ്‌നയേയും കരുക്കളാക്കി യു.എ.ഇ കോണ്‍സല്‍ ജനറല്‍ സംസ്ഥാനത്തെ മന്ത്രിമാരുമായും ഉന്നതഉദ്യോഗസ്ഥരുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പ്രോട്ടോക്കോള്‍ നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍പറത്തിയാണ് ഇവര്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചത്. ചില മന്ത്രിമാര്‍ ഇവരുടെ വലയില്‍ വീണതായുളള സൂചനയും കസ്റ്റംസിന്റെ നോട്ടീസിലുണ്ട്. സുരക്ഷാ ഭീഷണി ഇല്ലാതിരുന്നിട്ടും പ്രോട്ടോക്കോള്‍ ഓഫീസിനെ മറികടന്ന് കോണ്‍സല്‍ ജനറലിന് സംസ്ഥാന സര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ നല്‍കി. ഇതു പലഘട്ടങ്ങളിലും ദുരുപയോഗം ചെയ്തു. വിയറ്റ്‌നാമില്‍ കോണ്‍സല്‍ ജനറലായി ജോലി ചെയ്യുമ്പോള്‍ അവിടെയും ഇവര്‍ കള്ളക്കടത്ത് നടത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ ഇവ വിറ്റതിനുള്ള ശിക്ഷയായിരുന്നു കേരളത്തിലേക്കുള്ള പോസ്റ്റിംഗ്. കേരളത്തില്‍ നിന്നു കള്ളക്കടത്തിലൂടെ ലഭിക്കുന്ന പ്രതിഫലത്തില്‍ കള്ളനോട്ടുണ്ടോയെന്ന് തിരിച്ചറിയാനായി കോണ്‍സല്‍ ജനറലിന്റെ നിര്‍ദേശപ്രകാരം സരിത്ത് നോട്ടെണ്ണല്‍ യന്ത്രം വാങ്ങിയിരുന്നതായും കണ്ടെത്തലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here