തിരുവനന്തപുരം: കോവിഡിനെ പഴിചാരി എം.ജിക്കു പിന്നാലെ കുസാറ്റിലും പരീക്ഷകള്‍ പ്രഹസനമാക്കുന്നു. ചൊവ്വാഴ്ച ആരംഭിക്കുന്ന അവസാന സെമസ്റ്റര്‍ ബിരുദാനന്തര ബിരുദപരീക്ഷകളിലാണ് തട്ടിപ്പിന് അവസരമൊരുക്കുന്നത്. ഇതു സംബന്ധിച്ച വിശദമായ ഉത്തരവ് സര്‍വകലാശാല പുറത്തിറക്കി.

വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകള്‍ വീട്ടിലിരുന്ന് സ്വതന്ത്രമായി എഴുതാനാണ് സര്‍വകലാശാല അവസരം ഒരുക്കിയിരിക്കുന്നത്. പരീക്ഷ മേല്‍നോട്ടത്തിന് ആരും ഉണ്ടാകില്ല. അതുകൊണ്ടുതന്നെ വിദ്യാര്‍ഥികള്‍ക്ക് ഉത്തരങ്ങള്‍ പുസ്തകങ്ങള്‍ തുറന്നിട്ട് എഴുതാനും, പകര്‍ത്തിയെഴുതാനും പരസഹായത്തോടെ എഴുതാനും തടസമുണ്ടാവില്ല.

മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷകളുടെ ചോദ്യ പേപ്പര്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ ഇ മെയിലില്‍ സര്‍വ്വകലാശാല നിശ്ചയിച്ചിട്ടുള്ള ടൈം ടേബിള്‍ പ്രകാരം ലഭ്യമാക്കും. വെള്ളകടലാസ്സില്‍ ഒരുവശത്ത് മാത്രം ഉത്തരമെഴുതണം. പരീക്ഷ ആരംഭിച്ച് അരമണിക്കൂര്‍ ഇടവിട്ട് എഴുതിയ ഉത്തരങ്ങള്‍ വിദ്യാര്‍ഥികള്‍ സ്‌കാന്‍ ചെയ്ത് യൂണിവേഴ്‌സിറ്റിയുടെ വെബ് സൈറ്റില്‍ അപ്‌ലോഡ് ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. അപ്‌ലോഡ് ചെയ്യാന്‍ കഴിയാത്തവര്‍ക്ക് പിന്നീട് ഇമെയില്‍ ആയി അയക്കാനും അവസരം നല്‍കിയിട്ടുണ്ട്.

നിലവിലുള്ള പരീക്ഷ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് ഈ നടപടി എങ്കിലും ഓണ്‍ലെയിന്‍ പരീക്ഷ എന്ന പേരിലാണ് പുതിയ പരിഷ്‌കാരം നടപ്പാക്കുന്നത്. പരീക്ഷാ എഴുതുന്ന വിദ്യാര്‍ത്ഥി കളും ഒരു വിഭാഗം സര്‍വകലാശാല അധ്യാപകരും ഈ തീരുമാനത്തോട് യോജിപ്പിലാണ്. എല്ലാ വിദ്യാര്‍ഥികളും ഈ പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്കുകള്‍ നേടുമെന്നത് ഉറപ്പാണ്.

വിദ്യാര്‍ത്ഥികള്‍ക്ക് പരസ്പരം ചര്‍ച്ച ചെയ്ത് ഉത്തരങ്ങള്‍ എഴുതാനുമാകും. കാലേകൂട്ടി എഴുതിത്തയ്യാറാക്കിയ ഉത്തരങ്ങള്‍ ചോദ്യനമ്പര്‍ മാത്രം ഇട്ട് അപ്‌ലോഡ് ചെയ്യാനും വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കും. പ്ലസ് ടുവിന്റേയും എസ്.എസ്.എല്‍.സി യുടെയും പത്തു ലക്ഷത്തോളം വരുന്ന വിദ്യാര്‍ഥികളുടെ പരീക്ഷകളും ഇതര സര്‍വകലാശാലകള്‍ അവസാന വര്‍ഷ ബിരുദ പരീക്ഷകളും സുഗമമായി നടത്തിയ സംസ്ഥാനത്ത്, ആയിരത്തിനു താഴെമാത്രം ബിരുദാനന്തരബിരുദ വിദ്യാര്‍ഥികള്‍ പഠിക്കുന്ന കുസാറ്റ്, വിവിധ കേന്ദ്രങ്ങളില്‍ വച്ച് പരീക്ഷകള്‍ നടത്തുന്നതിന് പകരം, ഓണ്‍ ലൈനിന്റെ പേരില്‍ പുതിയൊരു പരീക്ഷാ തട്ടിപ്പിന് കളമൊരുക്കിയിരിക്കുന്നതായാണ് ആക്ഷേപം.

സംസ്ഥാനത്തിന് പുറത്തുള്ള സര്‍വ്വകലാശാലകള്‍ ഓണ്‍ലൈന്‍ പരീക്ഷകള്‍ ശാസ്ത്രീയമായും കുറ്റ മറ്റരീതിയിലും സുതാര്യമായും നടത്തുമ്പോഴാണ് കേരളത്തിലെ ശാസ്ത്ര സങ്കേതിക സര്‍വകലാശാല ഓണ്‍ ലൈനിന്റെ പേരില്‍ പരീക്ഷകളുടെ രഹസ്യ സ്വഭാവം തന്നെ നഷ്ടപ്പെടുത്തി മാല്‍പ്രാക്റ്റീസിന് കളമൊരുക്കിയിരിക്കുന്നത്.

കോവിഡിന്റെ മറവില്‍ നടത്താന്‍ തീരുമാനിച്ചിട്ടുള്ള ഈ പരീക്ഷാ തട്ടിപ്പ് സര്‍വകലാശാലയുടെ വിശ്വാസ്യത തകര്‍ക്കുമെന്നും തീരുമാനം പിന്‍വലിക്കണമെന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി കുസാറ്റ് വൈസ് ചാന്‍ സലറോട് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here