ആലപ്പുഴ | കത്തോലിക്ക സഭയിൽ വൈദികരുടെ ബ്രഹ്മചര്യം ഒഴിവാക്കാനും ഡീക്കൻ പട്ടം സ്ത്രീകൾക്കു കൂടി നൽകണമെന്ന് നിർദ്ദേശം. ആഗോള കത്തോലിക്ക സഭയിൽ വലിയ ചർച്ചകൾക്ക് തുടക്കം കുറിക്കുന്ന നിർദ്ദേശങ്ങളാണ് ജർമ്മൻ സഭയുടെ സിനഡൽ അസംബ്ലി മുന്നോട്ടു വച്ചത്. ഒക്ടോബറിൽ റോമിൽ നടക്കുന്ന ആഗോള സിനഡിൽ ഈ നിർദേശങ്ങൾ അവർ അവതരിപ്പിക്കും.
1990-നു ശേഷം ജർമ്മൻ സഭയിൽനിന്ന് 26 ലക്ഷത്തോളംപേർ വിട്ടുപോയിരുന്നു. ആ സാഹചര്യം മുൻനിർത്തി നടന്ന ചർച്ചകളുടെ പരിസമാപ്തിയായാണ് പുതിയ നിർദേശങ്ങൾ. ജർമ്മൻ സഭയിൽ, വൈദികരുടെ ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള വിവിധ പ്രശ്നങ്ങൾ അവർ നേരത്തേ ഗൗരവമായി ചർച്ചചെയ്തിരുന്നു. അധികാര ദുർവിനിയോഗം എല്ലാറ്റിനും മൂലകാരണമെന്നായിരുന്നു പ്രത്യേക കമ്മിറ്റിയുടെ കണ്ടെത്തൽ. ആ പ്രതിസന്ധി തരണംചെയ്യാനാണ് എല്ലാവരെയും കേൾക്കുക(സിനഡാലിറ്റി) എന്ന ലക്ഷ്യത്തോടെ സിനഡൽ അസംബ്ലിക്കു രൂപം കൊടുത്തത്. അതിൽ ബിഷപ്പുമാരും വൈദികരും അൽമായരും ഉൾപ്പെടെ 230 പേർ ഉണ്ടായിരുന്നു. ആദ്യഘട്ടത്തിലെ ചില നിർദേശങ്ങൾ വത്തിക്കാൻ തള്ളി. തുടർന്നാണ് വിശദചർച്ചകൾക്കുശേഷം പുതിയ നിർദേശങ്ങൾ വെച്ചിരിക്കുന്നത്.
2004-ൽ 1,00,670 കേസുകളാണ് ലോകത്തു റിപ്പോർട്ട് ചെയ്തത്. ഇതിൽ 4,392 വൈദികർ പ്രതികളാണ്. പുരോഹിതരുടെ ലൈംഗികാതിക്രമങ്ങൾ തടയുന്നതിന് അധികാര അഴിച്ചുപണി നടത്തണമെന്നാണ് സിനഡിന്റെ ഒരു നിർദ്ദേശം.
സ്ത്രീകൾക്കു സഭാശുശ്രൂഷയ്ക്ക് അവസരം നൽകുന്ന ഡീക്കൻപട്ടം കൊടുക്കണമെന്ന നിർദ്ദേശവും മുന്നോട്ടു വച്ചിട്ടുണ്ട്.
German Synodal Path has paved the way for reform of Catholic Church practices regarding same-sex couples and lay preaching.