കൊച്ചി: കാലിക്കറ്റ് സര്‍വകലാശാലയില്‍ താത്ക്കാലിക ജീവനക്കാരെ പിന്‍വാതിലിലൂടെ സ്ഥിരപ്പെടുത്താനുളള സിന്‍ഡിക്കേറ്റ് തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു. പി എസ് സിയെ മറികടന്നുളള സ്ഥിരപ്പെടുത്തല്‍ സുപ്രീം കോടതിവിധിയുടെ ലംഘനമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇക്കഴിഞ്ഞ ഡിസംബര്‍ 30നാണ് സിന്‍ഡിക്കേറ്റ് തീരുമാനപ്രകാരം പത്ത് വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ക്ക് സ്ഥിരം നിയമനം നല്കാന് തീരുമാനിച്ച് സര്‍വകലാശാല ഉത്തരവിറക്കിയത്.
ഡ്രൈവര്‍, വാച്ച്മെന്‍, പ്രോഗ്രാമര്‍ തസ്തികകളിലായി 37 പേരെയാണ് പിന്‍വാതിലിലൂടെ സ്ഥിരപ്പെടുത്താന്‍ ശ്രമിച്ചത്. സര്‍വകലാശാലയില്‍ നിലവിലുളള ഒഴിവുകളിലും അല്ലാത്തവരെ സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ച് നിയമിക്കാനായിരുന്നു തീരുമാനം.
ഇതിനു പിന്നാലെ അനദ്ധ്യാപക നിയമനങ്ങളില്‍ പി എസ് സിക്ക് മാത്രമേ സ്ഥിരം നിയമനം നടത്താന്‍ അധികാരം ഉളളൂവെന്ന് ചൂണ്ടികാട്ടി അഞ്ചോളം ഉദ്യോഗര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചു. ഈ ഹര്‍ജിയിലാണ് സര്‍വകലാശാല ഉത്തരവും സിന്‍ഡിക്കേറ്റ് തീരുമാനവും ജസ്റ്റിസുമാരായ എ എം ഷഫീഖ്, പി ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷന് ബഞ്ച് സ്റ്റേ ചെയ്തത്. നിയമനം സുപ്രീംകോടതി വിധി ന്യായത്തിന്റെ ലംഘനമാണെന്നും സ്ഥിരപ്പെടുത്തിയവരെ താത്ക്കാലിക തസ്തികയില്‍ തന്നെ മാറ്റി സ്ഥാപിക്കണമെന്നും കോടതി വ്യക്തമാക്കി.