തിരുവനന്തപുരം: സുപ്രീം കോടതിയുടെ നിലപാടില്‍ വിട്ടുവീഴ്ചയ്ക്കുണ്ടാകുമെന്ന പ്രതീക്ഷ അവസാനിച്ചതോടെ മരടിലെ നടപടികള്‍ വേഗത്തിലാക്കി സര്‍ക്കാര്‍. താമസക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ക്കു പുറമേ ഫഌറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുത്തു. അഞ്ച് കമ്പനികളുടെ ഉടമകളെയും പ്രതിയാക്കിയിട്ടുണ്ട്. ഇവരുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മന്ത്രിസഭാ യോഗത്തിന്റെ തീരുമാനപ്രകാരമാണ് നടപടി.

മരടിലെ മറ്റു ഫഌറ്റുകളിലേക്കു പരിശോധന നീങ്ങുമെന്നതിന്റെ സൂചന സുപ്രീം കോടതി നല്‍കിയതിനു പിന്നാലെ കൂടിയാണ് അതിവേഗമുള്ള നടപടികള്‍. ഫഌറ്റില്‍ താമസിക്കുന്നവര്‍ക്ക് പുന:രധിവാസ പദ്ധതി തയാറാക്കാനും തീരുമനിച്ചിട്ടുണ്ട്.

ഫ്‌ലാറ്റ് പൊളിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ സര്‍ക്കാരിനു മുമ്പിലില്ലെന്ന നിഗമനത്തില്‍ യോഗം എത്തുകയായിരുന്നു. മൂന്നുമാസത്തിനുള്ളില്‍ ഫ്‌ലാറ്റുകള്‍ പൊളിച്ചുനീക്കും. ഫ്‌ളാറ്റ് പൊളിക്കുന്നതു സംബന്ധിച്ചുള്ള കര്‍മ്മപദ്ധതി കോടതിയെ അറിയിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഫ്‌ലാറ്റ് നിര്‍മ്മാതാക്കളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കി ഉടമകള്‍ക്ക് നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. നിര്‍മ്മാണത്തിന് ഉദ്യോഗസ്ഥര്‍ വഴിവിട്ട് സഹായിച്ചിട്ടുണ്ടെങ്കില്‍ അവരും കേസില്‍ പ്രതിയാകും.

മരട് ഫഌറ്റിലെ സുപ്രീം കോടതി നിലപാടും കഴിഞ്ഞ ദിവസമുണ്ടായ അനുഭവവും ചീഫ് സെക്രട്ടറി മന്ത്രിസഭയെ ധരിപ്പിച്ചു. സര്‍ക്കാരിനെതിരെ സുപ്രീംകോടതി നടത്തിയ പരാമര്‍ശങ്ങളും ഇനി സ്വീകരിക്കേണ്ട നടപടികളെന്തൊക്കെയെന്ന നിര്‍ദേശങ്ങളും അദ്ദേഹം വിശദീകരിച്ചു.

ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ വേണ്ടി മരട് മുന്‍സിപ്പല്‍ സെക്രട്ടറിയുടെ അധികച്ചുമതല നല്‍കി സര്‍ക്കാര്‍ നിയോഗിച്ച ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ചുമതലയേറ്റു.

LEAVE A REPLY

Please enter your comment!
Please enter your name here