ചെന്നിത്തലയ്ക്ക് വിജിലന്‍സ് ‘കുരുക്ക്’, പ്രാഥമിക അന്വേഷണത്തിന് അനുമതി

0

തിരുവനന്തപുരം: ആഭ്യന്തര മന്ത്രിയായിരിക്കെ ജയിലിന്റെ ഭൂമി സ്വകാര്യ ട്രസ്റ്റിന് നല്‍കിയെന്ന പരാതിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം.

തിരുവന്തപുരം നെട്ടുകാല്‍ത്തേരിയിലെ തുറന്ന ജയിലിന്റെ ഭൂമിയാണ് സ്വാകാര്യ ട്രസ്റ്റിന് നല്‍കാന്‍ ചെന്നിത്തല അനുമതി നല്‍കിയതെന്നാണ് പരാതി. പുതിയ അഴിമതി നിരോധന നിയമപ്രകാരം പരാതി ഡയറക്ടര്‍ മുഖ്യമന്ത്രിയുടെ അനുമതിക്കായി അയച്ചിരുന്നു. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് പ്രാഥമിക അന്വഷണത്തിന് ഉത്തരവിട്ടത്.

നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന്റെ രണ്ടരയേക്കര്‍ ഭൂമി ഒരു ആശ്രമ ട്രസ്റ്റിന് സ്‌കൂള്‍ തുടങ്ങാന്‍ നല്‍കിതിനെ കുറിച്ചാണ് അന്വേഷണം. രണ്ടേക്കര്‍ ഭൂമി കമ്പോള വിലയുടെ 10 ശതമാനം ഈടാക്കി 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനായിരുന്നു മന്ത്രിസഭ തീരുമാനിച്ചത്. ജയില്‍ ഡിജിപിയായിരുന്ന ഋഷിരാജ് സിംഗിന്റെയും നിയമവകുപ്പിന്റെയും എതിര്‍പ്പ് മറികടന്നാണ് ജയില്‍ ഭൂമി സ്വകാര്യ ട്രസ്റ്റിന് നല്‍കാനായി ചെന്നിത്തല ഫയല്‍ മന്ത്രിസഭാ യോഗത്തിലെത്തിച്ചതെന്നാണ് പരാതി. തിരുവനന്തപുരം സ്വദേശിയായ അഡ്വ. അനൂപാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്.

മന്ത്രിസഭാ യോഗം വന്നതിനു ശേഷവും ജയില്‍ ഡിജിപി എതിര്‍പ്പ് അറിയിച്ചിരുന്നു. തടവുകാര്‍ക്ക് ജോലി നല്‍കാനായി പുതിയ പദ്ധതികള്‍ തുടങ്ങണമെന്നും, അതിനാല്‍ ഭൂമി വിട്ടു നല്‍കരുതെന്നുമായിരുന്നു കത്ത്. എന്നാല്‍ തീരുമാനം ഉടന്‍ നടപ്പാക്കാന്‍ രമേശ് ചെന്നിത്തല രേഖാമൂലം ഉത്തരവ് നല്‍കിതില്‍ അഴിമതിയുണ്ടെന്നാണ് പരാതിക്കാരന്റെ അരോപണം. പക്ഷെ കഴിഞ്ഞ സര്‍ക്കാര്‍ എടുത്ത തീരുമാനം പിണറായി സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here