ശ്രീജിത്തിനെ മര്‍ദ്ദിക്കാനായി മാത്രം എസ്.ഐ. ദീപക് ബൈക്കില്‍ പാഞ്ഞെത്തിയതെന്തിന്?

അകത്തായ 'ഇടിയന്‍' പോലീസ് ഇടഞ്ഞാല്‍ ഉന്നതര്‍ കുടുങ്ങും

0
വരാപ്പുഴ കസ്റ്റഡിമരണക്കേസില്‍ എസ്.ഐ: ജി.എസ്. ദീപക് അറസ്റ്റിലായതോടെ ഉത്തരമില്ലാത്ത നിരവധി ചോദ്യങ്ങളും ഉയരുന്നു. ശ്രീജിത്തിനെ കസ്റ്റഡിയില്‍ കിട്ടിയതായി വിവരം ലഭിച്ചയുടന്‍ തിരുവനന്തപുരത്തായിരുന്ന എസ്.ഐ. ദീപക് ബൈക്കില്‍ രാത്രിതന്നെ സ്‌റ്റേഷനിലെത്തിയതെന്തിനെന്ന ചോദ്യത്തിന് അന്വേഷണസംഘത്തിന് ഉത്തരമില്ല. ശ്രീജിത്തിനെ ഇടിക്കാനായി മാത്രം ബൈക്കിലാണ് വരാപ്പുഴവരെ എത്തിയതെന്നാണ് പറയപ്പെടുന്നത്.
എസ്.ഐയ്ക്ക് ഇത്രമാത്രം വൈരാഗ്യം ശ്രീജിത്തിനോട് തോന്നേണ്ട കാര്യമെന്തെന്നാണ് കണ്ടെത്തേണ്ടതും. സംഭവദിവസം അവധിയിലായിരുന്നു ദീപക്. രാത്രിയോടെ വരാപ്പുഴ സ്‌റ്റേഷനിലെത്തിയ ദീപക് ശ്രീജിത്തിനെ ലോക്കപ്പിലിട്ട് ചവിട്ടിക്കൂട്ടുകയായിരുന്നൂവെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ മൊഴിനല്‍കിയതായാണ് സൂചന. ലോക്കപ്പില്‍നിന്നും ശ്രീജിത്തിന്റെ ഉച്ചത്തിലുള്ള നിലവിളി കേട്ടിരുന്നതായും അവര്‍ അന്വേഷണസംഘത്തോട് പറഞ്ഞു. ഇക്കാര്യം സംശയലേശമന്യേ തെളിഞ്ഞതോടെയാണ് ദീപികിന്റെ അറസ്റ്റ് രേഖപ്പെടുത്താന്‍ അന്വേഷണസംഘം തയ്യാറായത്.
നേരത്തെ അറസ്റ്റിലായ ടൈഗര്‍ഫോഴ്‌സിലെ മൂന്നു ഉദ്യോഗസ്ഥരും ഉന്നതരുടെ പങ്കിനെക്കുറിച്ച് ആരോപണം ഉന്നയിച്ചിരുന്നു. കസ്റ്റഡിയിലെടുത്തശേഷം വരാപ്പുഴപോലീസിന് കൈമാറുംവരെ ശ്രീജിത്തിന് മാരകമായ മര്‍ദ്ദനമേറ്റിരുന്നുമില്ല. കേസില്‍ താഴേത്തട്ടിലുള്ളവരെ ബലിയാടാക്കുന്നതായി ആദ്യം അറസ്റ്റിലായവര്‍ ആരോപണമുന്നയിച്ചതും അന്വേഷണസംഘത്തെ പ്രതിരോധത്തിലാക്കി. ഉന്നതരുടെ ഫോണ്‍കോളിന്റെ ശബ്ദരേഖപുറത്തുവിടുമെന്ന ഘട്ടത്തിലാണ് എസ്.ഐ. ദീപകിനെ അറസ്റ്റുചെയ്തതും. ഇനി ഊഴം ദീപകിന്റേതാണ്. ദീപകിനെ മാത്രം കുടുക്കി കേസവസാനിപ്പിക്കാനുള്ള നീക്കമാണെങ്കില്‍ കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഉന്നതരാഷ്ട്രീയ നേതാവിന്റെ വ്യക്തമായ നിര്‍ദ്ദേശം ശിരസാവഹിച്ചാണ് രാത്രിയില്‍തന്നെ ദീപക് സ്‌റ്റേഷനിലെത്തിയതെന്നാണ് നിഗമനം. ദീപക് ഇക്കാര്യം വെളിപ്പെടുത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാന്‍ നിര്‍ദ്ദേശിച്ച റൂറല്‍ എസ്.പി: എ.വി. ജോര്‍ജിലേക്കും ഇടത് രാഷ്ട്രീയ നേതാവിലേക്കും അന്വേഷണസംഘത്തിന് എത്താനാകുമോയെന്നും കണ്ടറിയണം. ദീപക് അറസ്റ്റിലായത് ശ്രീജിത്തിന്റെ കുടുംബത്തിനും ആശ്വാസകരമായ നടപടിയാണ്. ഈ ഘട്ടത്തില്‍ തുടന്വേഷണം അവസാനിക്കാനും സാധ്യതയുണ്ട്.  എന്നാല്‍ അകത്തായ ‘ഇടിയന്‍’ പോലീസ് വൈകാതെ ‘ഇടഞ്ഞാല്‍’ സി.പി.എമ്മിനുതന്നെ നാണക്കേടാകുമെന്നുറപ്പാണ്.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here