പോലീസ് ഗ്രൗണ്ടില്‍ തുടങ്ങിയ പരിചയം അവസാനിച്ചത് പൈശാചികമായ കൊലപാതകത്തില്‍, അനാഥമാകുന്നത് 2 കുടുംബവും 3 കുട്ടികളും

0

കുടുംബം മുന്നോട്ടു കൊണ്ടുപോകാന്‍ അമ്മ ഇപ്പോഴും രാപകല്‍ തയ്യല്‍ ജോലി ചെയ്യുന്നു. അച്ഛന്‍ വര്‍ഷങ്ങളായി തളര്‍ന്നു കിടക്കുന്നു. പ്രാരാബ്ദങ്ങളെയൊക്കെ അതിജീവിച്ച് കഷ്ടപ്പെട്ട് പഠിച്ച, മാവേലിക്കര വള്ളികുന്നം സ്വദേശിനി സൗമ്യ ജോലി സമ്പാദിച്ചത് നാലു വര്‍ഷം മുമ്പാണ്. വീട്ടു മുറ്റത്തിട്ട് അജാസ് ചുട്ടുകരിച്ചത് രണ്ടു കുടുംബങ്ങളുടെ പ്രതീക്ഷയും നിലനില്‍പ്പും കൂടിയാണ്. കൊടും ക്രൂരത അനാഥമാക്കിയത് മൂന്നു കുരുന്നുകളെയും.

അജാസില്‍ നിന്ന് ക്രൂരമായ ആക്രമണം സൗമ്യ പ്രതീക്ഷിച്ചിരുന്നുവെന്നതിന്റെ തെളിവാണ് പന്ത്രണ്ടുവയസുകാരന്‍ മകന്‍ ഋഷികേശിന്റെ വാക്കുകള്‍. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അമ്മയെ നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിനുത്തരവാദി അജാസാണെന്ന് പറയണമെന്നും മകനെ സൗമ്യ ചുമതലപ്പെടുത്തിയിരുന്നു. ഋഷികേശിനെയും ഒമ്പതുകാരന്‍ ആദിശേഷനും അമ്മ തങ്ങളെ വിട്ടുപോയതറിയാം. എന്നാല്‍, മൂന്നര വയസുകാരി ഋതിക അമ്മയെയും കാത്തിരിപ്പാണ്.

സൗമ്യയുടെ ഭര്‍ത്താവ് സജീവ് 22 ദിവസം മുമ്പാണ് ജോലി സ്ഥലമായ ലിബിയയിലേക്ക് മടങ്ങിയത്. 11 വര്‍ഷം മുമ്പ്, ഡ്രിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരിക്കവേയാണ് സൗമ്യയെ പ്ലംബറായ സജീവ് വിവാഹം കഴിക്കുന്നത്. തുടര്‍ന്ന് പഠിപ്പിച്ചതും സജീവാണ്. സജീവിനെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

തൃശൂരിലെ പരിശീലനകാലത്താണ് കാക്കനാട് സൗത്ത് വാഴക്കാല മൂലേപ്പാടം റോഡ് നെയ്‌തേലില്‍ എന്‍.എ. അജാസിനെ സൗമ്യ പരിചയപ്പെടുന്നത്. ഗ്രൗണ്ടില്‍ ഡ്രില്‍ ചെയ്യിപ്പിച്ചിരുന്നത് അജാസായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. കളമശേരിയില്‍ എ.ആര്‍. ക്യാമ്പില്‍ നിന്ന് അജാസ് ട്രാഫിക്കിലേക്ക് വന്നത് അടുത്തിടെയാണ്.

പരിശീലന ഗൗണ്ടില്‍ തുടങ്ങിയ പരിചയത്തിന്റെ ബാക്കിപത്രം അധികം ആര്‍ക്കും അറിയില്ല. ഇവര്‍ക്കിടയില്‍ ധന ഇടപാടുകള്‍ ഉണ്ടായിട്ടുണ്ടെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ആഴ്ച 15 ദിവസത്തെ അവധിയെടുത്താണ് അജാസ് ക്രൂരകൃത്യം നിര്‍വഹിക്കാന്‍ ഇറങ്ങിത്തിരിച്ചത്. എല്ലാം ആലോചിട്ട് ഉറപ്പിച്ചായിരുന്നു കൃത്യം. കടയില്‍ കിട്ടാത്ത ആയുധം വരെ പ്രത്യേകം ഉണ്ടാക്കിച്ചു. വീടു കണ്ടെത്തി, നിരീക്ഷിച്ചശേഷം കാത്തിരുന്നു. ക്രൂരമായി തന്നെ കൊലപാതകം നടപ്പാക്കി. നടപ്പാക്കിയിട്ട് രക്ഷപെടാന്‍ അജാസിനു കഴിഞ്ഞില്ല. 40 ശതമാനത്തോളം പൊള്ളലുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അജാസിന്റെ മൊഴി രേഖപ്പെടുത്താന്‍ ഇന്നലെ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here