കൊച്ചി: ബിരിയാണി പാര്‍ട്ടിക്കായി കൂട്ടുകാര്‍ വീട്ടില്‍ നിന്നു നിര്‍ബന്ധിച്ചു വിളിച്ചിറക്കിക്കൊണ്ടുപോയ ആദിത്യ കൃഷ്ണയുടെ മരണത്തിലെ ദുരൂഹത ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ക്രൈം ബ്രാഞ്ച് അന്വേഷണത്തിലെങ്കിലും തങ്ങളുന്നയിച്ച ദുരൂഹതകള്‍ക്കും സംശയങ്ങള്‍ക്കും ഉത്തരം കിട്ടുമെന്ന പ്രതീക്ഷയിലാണ് മാതാപിതാക്കള്‍.

കുടുംബം ഉന്നയിച്ച സംശയങ്ങളോ ചൂണ്ടിക്കാട്ടിയ ദുരൂഹതകളോ പരിശോധിക്കാന്‍ കേസ് ഇതുവരെ അന്വേഷിച്ച ഉദ്യോഗസ്ഥരോ മേലധികാരികളോ തയ്യാറായില്ലെന്നാണ് ബന്ധുക്കളുടെ പരാതി. ആരെയൊക്കെയോ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന തരത്തിലുള്ള സമീപനമാണ് ജില്ലാ പോലീസ് മേധാവിയില്‍ നിന്നുപോലും നേടിടേണ്ടി വന്നതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

പള്ളുരുത്തി സ്വദേശിയും, കേന്ദ്രസേനയിലെ ഓഫീസറുമായിരുന്ന പ്രദീപ് കുമാറിന്റെ മകന്‍ ആദിത്യ കൃഷ്ണ (20) കൂട്ടുകാര്‍ക്കൊപ്പം വീട്ടില്‍ നിന്ന് പുറത്തുപോയത് 2020 ഏപ്രില്‍ പതിനാറിനാണ്. മണിക്കുറുകള്‍ കഴിഞ്ഞപ്പോള്‍ മാതാപിതാക്കളെ തേടിയെത്തിയത് മരണവാര്‍ത്തയാണ്.

ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന ആദിത്യ കൃഷ്ണയെ സുഹൃത്തിലൊരാള്‍ക്ക് കിട്ടിയ ആദ്യ ശമ്പളത്തിന്റെ ബിരിയാണി പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ കൂട്ടുകാര്‍ വന്നു നിര്‍ബന്ധിച്ചു വിളിക്കുകയായിരുന്നു. പള്ളുരുത്തിയില്‍ നിന്നും കിലോമീറ്റര്‍ അകലെ കാലടി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മലയാറ്റൂര്‍ വനത്തിനോട് ചേര്‍ന്ന വനപാതയില്‍ റോഡപകടത്തെ തുടര്‍ന്ന് ആദിത്യന്‍ മരണപ്പെട്ടുവെന്നറിഞ്ഞ് സ്ഥലത്തെത്തിയ മാതാപിതാക്കളും ബന്ധുക്കളും ഉയര്‍ത്തി ദുരൂഹതകള്‍ ഇപ്പോഴും ഉത്തരമില്ലാതെ തുടരുകയാണ്.

വാഹന അപകടത്തില്‍ കൂടെയുണ്ടായിരുന്നവരുടെ പെരുമാറ്റങ്ങളും മറുപടികളും കുടുംബത്തിന്റെ സംശയങ്ങള്‍ക്ക് ബലം പകരുന്നു. ആദിത്യന്റെ ശരീരത്തില്‍ ഹൃദയം ഒഴികെ വലതുവശത്തെ കിഡ്‌നി അടക്കം മാരകമായ ക്ഷതമേറ്റ് തകര്‍ന്ന നിലയിലായിരുന്നു. വളരെ വേഗത കുറച്ചായിരുന്നു അപകടസമയത്ത് ബൈക്ക് സഞ്ചരിച്ചതെന്നും റോഡില്‍ വാഹനം തെന്നി വീണതാണെന്നുമാണ് ഒരാളുടെ മൊഴി. അപകടത്തിന്റെ വിവരണത്തില്‍തന്നെ സംശയം തോന്നിയ മാതാപിതാക്കള്‍ കൃത്യമായ അന്വേഷണത്തിനായി പരാതി നല്‍കിയെങ്കിലും അനുകൂല നടപടികള്‍ ഉണ്ടായിട്ടില്ല.

ആദിത്യത്തിന്റെയും കൂടെയുള്ളവരുടെയും മൊബൈല്‍ ഫോണുകളും വാഹനങ്ങളും ഹെല്‍മറ്റുകളും കസ്റ്റഡിയില്‍ വക്കാതെ ആരോപണ വിധേയര്‍ക്ക് നല്‍കിയത് തെളിവു നശിപ്പിക്കാനാണെന്ന് കുടുംബം ആരോപിക്കുന്നു. ആലുവ റൂറല്‍ എസ്. പി.കാര്‍ത്തിക്കിന്റെ നടപടികള്‍പോലും സംഭവത്തെ അപകടമരണമാക്കി തീര്‍ക്കാന്‍ തിരക്കു കൂട്ടുന്നതുപോലെയായിരുന്നുവത്രേ.

ആദിത്യനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നു എന്ന് പറയപ്പെടുന്ന നീല സ്വിഫ്റ്റ് കാറിനെ കുറിച്ചോ അതില്‍ ഉണ്ടായിരുന്നവരെ കുറിച്ചോ പോലീസ് ഒരന്വേഷണവും നടത്തിയിട്ടില്ലെന്നും കുടുംബം ആരോപിക്കുന്നു. പുതുതായി തുടങ്ങുന്ന ക്രൈം ബ്രാഞ്ച് അന്വേഷത്തില്‍ സത്യം പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

LEAVE A REPLY

Please enter your comment!
Please enter your name here