ബെംഗളൂരു: ലൈംഗിക പീഡനം തുടര്‍ന്ന പിതാവിനെ സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തി കൗമാരക്കാരി. സംഭവത്തില്‍ മൂത്തമകളായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെയും പ്രായപൂര്‍ത്തിയാകാത്ത മൂന്നു സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് ബിഹാര്‍ സ്വദേശിയായ 45-കാരന്‍ കൊല്ലപ്പെട്ടത്. ലൈംഗികപീഡനം അതിരുവിട്ടപ്പോഴാണ് സുഹൃത്തുക്കളുടെ സഹായത്തോടെ പിതാവിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് പെണ്‍കുട്ടി പോലീസിനു മൊഴി നല്‍കി. ബെംഗളൂരുവിലെ കോളേജ് കാമ്പസില്‍ സുരക്ഷാ ജീവനക്കാരനായിരുന്നു ഇയാള്‍.

കൊലപാതകത്തിനുശേഷം മൂത്തമകള്‍ അയല്‍വീട്ടില്‍പ്പോയി പിതാവ് കൊല്ലപ്പെട്ട കാര്യം അറിയിച്ചു. കൊല്ലപ്പെട്ടയാള്‍ രണ്ടു വിവാഹം കഴിച്ചതാണെന്ന് പോലീസ് പറഞ്ഞു. ഇളയ മകള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

ആദ്യഭാര്യ ബിഹാറിലും രണ്ടാം ഭാര്യ കലബുറഗിയിലുമാണ്. രണ്ടാം വിവാഹത്തിലുള്ളതാണ് രണ്ട് പെണ്‍മക്കള്‍. പിതാവ് ലൈംഗികമായി പീഡിപ്പിക്കുന്ന കാര്യം മൂത്തമകള്‍ അമ്മയോടു പറഞ്ഞതോടെ ദമ്പതിമാര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയും പിതാവ് ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു. തുടര്‍ന്നാണ് പെണ്‍കുട്ടി സുഹൃത്തുക്കളെ വിളിച്ച് സഹായം ആവശ്യപ്പെട്ടത്. സ്ഥലത്തെത്തിയ സുഹൃത്തുക്കള്‍ പിതാവിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here