സ്റ്റോക്ഹാം: സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ക്‌ഹോമിന്റെ തെക്ക് ഭാഗത്തുള്ള ഒരു അപ്പാര്‍ട്ട്‌മെന്റില്‍ 70-കാരി തന്റെ 41 വയസ്സുള്ള മകനെ 28 വര്‍ഷമായി പൂട്ടിയിട്ടതായി കണ്ടെത്തി. ശാരീരിക ഉപദ്രവമടക്കം മകന് നേരെ ഈ സത്രീ നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. പൂട്ടിയിടപ്പെട്ട മകനു പോഷകാഹാര കുറവുണ്ടെന്നും പല്ലുകള്‍ ഇല്ലെന്നും സ്റ്റോക്കോം പൊലീസ് വക്താവ് ഒല ഓസ്റ്റര്‍ലിങ് വാര്‍ത്താ ഏജന്‍സി എഎഫ്‌പിയോടു പറഞ്ഞു. തെക്കന്‍ സ്റ്റോക്കോമിലെ നഗരപ്രാന്തമായ ഹാനിങ്ങിലെ അപ്പാര്‍ട്ട്മെന്റിലാണു യുവാവിനെ ദീര്‍ഘകാലമായി പൂട്ടിയിട്ടിരുന്നത്.

സ്ത്രീയെ അസുഖം ബാധിച്ച് ആശുപത്രിയില്‍ അഡ്മിറ്റാക്കിയ സമയത്താണ് ബന്ധു ഇവരുടെ വീട്ടിലെത്തിയത്. ‘വീടിന്റെ പ്രധാന കവാടം തുറന്നിട്ട നിലയിലായിരുന്നു. അകത്ത് കയറിയപ്പോള്‍ മൂത്രവും അഴുക്കും പൊടിയും നിറഞ്ഞിട്ടുണ്ടായിരുന്നു. പ്രദേശമാകെ ദുര്‍ഗന്ധം വമിച്ചിരുന്നു. ശബ്ദം കേട്ട് അടുക്കളയുടെ ഭാഗത്തേക്ക് പോയി നോക്കിയപ്പോള്‍ ഒരാള്‍ പുതപ്പിനും തലയിണക്ക് ഇടയിലുമായി ചുരുണ്ടുകൂടി കിടക്കുന്നു.

വായില്‍ പല്ലുകളൊന്നുമില്ല. കാലില്‍ ഒരു വലിയ വ്രണമുണ്ട്, അവ്യക്തമായിട്ടാണ് സംസാരിച്ചത്’ ബന്ധുവായ സ്ത്രീ വിവരിച്ചു. നിലവില്‍ ഇയാള്‍ ആശുപത്രിയിലാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. മറ്റു വിവരങ്ങള്‍ പോലീസ് പരസ്യമാക്കിയിട്ടില്ല. കുറ്റകൃത്യങ്ങള്‍ അമ്മ നിഷേധിച്ചതായി സ്വീഡിഷ് പ്രോസിക്യൂഷന്‍ അതോറിറ്റി അറിയിച്ചു.


LEAVE A REPLY

Please enter your comment!
Please enter your name here