വിവിധ ബ്യൂറോകള്‍ | നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍ രാഷ്ട്രീയ കൊടുങ്കാറ്റായി മാറിയതിനു പിന്നാലെ നാടകീയ സംഭവങ്ങള്‍.
തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വപ്ന സുരേഷ് മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയതിനു പിന്നാലെ പാലക്കാട്ടെ താമസസ്ഥലത്തുനിന്നു മറ്റൊരു പ്രതി സരിത്തിനെ ഒരു സംഘം പിടിച്ചുകൊണ്ടുപോയി. തട്ടിക്കൊണ്ടുപോകല്‍ ആരോപണവുമായി സ്വപ്ന വീണ്ടും മാധ്യമങ്ങളെ കണ്ടു. സ്വപ്ന എഴുതി നല്കിയ കത്തു പി.സി. ജോര്‍ജ് പരസ്യപ്പെടുത്തിയതും പാലക്കാട്ടെ ലോക്കല്‍ പോലീസ് തട്ടിക്കൊണ്ടു പോകല്‍ അന്വേഷിക്കാന്‍ സ്ഥലത്തെത്തിയതും പിന്നാലെ അരങ്ങേറി.
ഫോണ്‍പോലും എടുക്കാന്‍ സമ്മതിക്കാതെ, ബലമായി സരിത്തിനെ പിടിച്ചുകൊണ്ടു പോയതിന്റെ വിശദാംശങ്ങളും പുറത്തെത്തി. രാവിലെ മുഖ്യമന്ത്രി ഡി.ജി.പിയുമായും ക്രമസമാധാന ചുമതലയുളള എ.ഡി.ജി.പിയുമായി കൂടിക്കാഴ്ച നടത്തിയ വാര്‍ത്തയും പുറത്തുവന്നു. ഇതിനിടെ, സരിത്ത് വിജിലന്‍സിന്റെ കസ്റ്റഡിയിലാണെന്ന വിവരം എത്തി. പാലക്കാട്ട് സരിത്തിന്റെ നാടകീയ കസ്റ്റഡി പുരോഗമിക്കുന്നതിനിടെ, മുന്‍മന്ത്രിയും ആരോപണ വിധേയനുമായ കെ.ടി. ജലീല്‍ തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിലെത്തി തനിക്കെതിരായ ഗൂഢാലോചന അന്വേഷിക്കണമെന്നു പരാതി നല്കി.
സരിത്ത് വിജിലന്‍സ് കസ്റ്റഡിയിലാണെന്നു വ്യക്തമാക്കപ്പെട്ടതോടെ, വീണ്ടും മാധ്യമങ്ങളെ കണ്ട സ്വപ്ന മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും ഇടെ രൂക്ഷമായ രീതിയിലാണ് പ്രതികരിച്ചത്. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷം സംസ്ഥാനത്തു ഉടനീളം സംഘടിപ്പിക്കുന്ന പ്രതിഷേധവും പുരോഗമിക്കുകയാണ്.
2020 ജൂലൈ മുതല്‍ നടന്നുവന്ന വിവിധ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനാണോയെന്നു പരിശോധിക്കാന്‍ നിയമിച്ച ജുഡീഷ്യല്‍ കമ്മിഷന്റെ കാലാവധി കഴിഞ്ഞ മാസം തീര്‍ന്നിരുന്നു. ഈ കമ്മിഷന്റെ കാലാവധി മുന്‍കാല പ്രാബല്യത്തോടെ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം നീട്ടി നല്കി.