മകളുടെ ബിസിനസിനായി ഷാര്‍ജ ഭരണാധികാരിയെ സമീപിച്ചു, മിഡില്‍ ഈസ്റ്റില്‍ ഭൂമിക്കായി ശ്രീരാമകൃഷ്ണന്‍ പണം മുടക്കിയെന്നു സ്വപ്‌ന കോടതിയില്‍

കൊച്ചി | രഹസ്യമൊഴിക്കു മുന്നോടിയായി സ്വര്‍ണ്ണകടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍. കേസില്‍ ആരോപണം നേരിടുന്ന മുന്‍മന്ത്രി കെ.ടി. ജലീല്‍, മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ തുടങ്ങിയവര്‍ക്കെതിരെയും ഗുരുതരമായ തുറന്നുപറച്ചിലുകള്‍ ഉണ്ട്.

മകള്‍ക്ക് ഷാര്‍ജയില്‍ ബിസിനസ് തുടങ്ങുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഷാര്‍ജ ഭരണാധികാരിയുമായി ചര്‍ച്ച നടത്തിയെന്ന് സ്വപ്‌ന സത്യവാങ്മൂലത്തില്‍ പറയുന്നു. ജാമ്യത്തിലിറങ്ങിയശേഷം പലതരത്തിലുള്ള ഭീഷണികള്‍ നേരിടുന്നുവെന്നു ചൂണ്ടിക്കാട്ടി എറണാകുളം സെഷന്‍സ് കോടതിയെ സമീപിച്ചപ്പോഴാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.

2017ല്‍ ഷാര്‍ജ ഭരണാധികാരി കേരളത്തിലെത്തിയപ്പോള്‍ ക്ലിഫ് ഹൗസിലെത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്കിടെയാണ് മുഖ്യമന്ത്രിയുടെ കുടുംബം ഷാര്‍ജയില്‍ ഒരു ഐ.ടി. സംരംഭത്തിനുള്ള താല്‍പര്യം അറിയിച്ചത്. എന്നാല്‍ ഷാര്‍ജയില്‍ നിന്നുള്ള എതിര്‍പ്പുകളെ തുടര്‍ന്ന് നീക്കം ഉപേക്ഷിച്ചു.

മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ആവശ്യപ്പെട്ടതു പ്രകാരം ഷാര്‍ജ ഭരണാധികാരിയുമായി കൂടിക്കാഴ്ചയ്ക്കു അവസരമൊരുക്കിയെന്നും സ്വപ്‌ന പറയുന്നു. ഷാര്‍ജയില്‍ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാനായിരുന്നു പദ്ധതി. മിഡില്‍ ഈസ്റ്റില്‍ കോളജിനു ഭൂമി ലഭിക്കുന്നതിനായി ഷാര്‍ജ ഭരണാധികാരിയുമായി ബന്ധപ്പെടുന്നതിനു കോണ്‍സുല്‍ ജനറലിനു ഒരു ബാഗു നിറയെ കൈക്കൂലി നല്‍കിയിയെന്നും സ്വപ്‌ന സത്യവാങ്മൂലത്തില്‍ പറയുന്നു. പണം എടുത്തശേഷം കോണ്‍സുല്‍ ജനറല്‍ സരിത്തിനെ മടക്കിയേല്‍പ്പിച്ച ബാഗ് പിന്നീട് കസ്റ്റംസ് പിടിച്ചെടുത്തുവെന്നും സ്വപ്‌ന ആരോപിച്ചിട്ടുണ്ട്.

മുന്‍മന്ത്രി കെ.ടി. ജലീലിന്റെ ബിനാമി ഇടപാടുകളെക്കുറിച്ചും സ്വപ്‌ന വിശദീകരിച്ചിട്ടുണ്ട്. അതിനിടെ, സ്വപ്‌നയുടെ രഹസ്യമൊഴി ആവശ്യപ്പെട്ട് വെളിപ്പെടുത്തലിലെ ഗൂഢാലോചന അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം കോടതിയെ സമീപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here