തിരുവനന്തപുരം: തിരുവനന്തപുരത്തെ ലോക്കറില്‍ കണ്ടെത്തിയ 1.05 കോടി രൂപ ലൈഫ് മിഷന്‍ കൈക്കൂലിയായി ലഭിച്ച തുകയാണെന്നു കേസിലെ പ്രതി സ്വപ്‌ന വിജിലന്‍സിനു മൊഴി നല്‍കി. കമ്മിഷന്‍ തുക ലഭിച്ച കാര്യവും ഈ തുക ലോക്കറില്‍ സൂക്ഷിക്കുന്ന കാര്യവും എം. ശിവശങ്കറിനു അറിയാമായിരുന്നെന്നും വിജിലന്‍സിനോടു സമ്മതിച്ചു. അതേസമയം ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി.ജോസില്‍ നിന്നും വിജിലന്‍സ് സെക്രട്ടറിയേറ്റിലെ ഓഫിസിലെത്തി ഇന്നും മൊഴിയെടുത്തു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വാദങ്ങളെ ശരിവെയ്ക്കുന്നതാണ് ഇപ്പോള്‍ വിജിലന്‍സിന്റെ കണ്ടെത്തലും .കൈക്കൂലിയായി ലഭിച്ച 1.05 കോടി രൂപയില്‍ 64 ലക്ഷം എസ്.ബി.ഐ ലോക്കറിലും 36.50 ലക്ഷം രൂപ ഫെഡറല്‍ ബാങ്ക് ലോക്കറിലുമാണ് സൂക്ഷിച്ചത്. ഇതിനു വേണ്ട എല്ലാ സഹായവും ചെയ്തത് ചാര്‍ട്ടേഡ് അക്കൗണ്ടന്റായ വേണുഗോപാലന്‍ നായര്‍ ആണെന്നും, ശിവശങ്കറിനു പണമിടപാടുകളെ കുറിച്ച് എല്ലാ കാര്യങ്ങളും അറിയാമായിരുന്നെന്നും സ്വപ്‌ന വിജിലന്‍സിന് മൊഴി നല്‍കിയിട്ടുണ്ട്.

കോഴത്തുകയായി യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനായ ഖാലിദ് അലിയ്ക്ക് 3.80 കോടി കമ്മിഷന്‍ നല്‍കിയിട്ടുണ്ടെന്നും സ്വപ്‌ന വിജിലന്‍സിനോടു സമ്മതിച്ചു. അതേസമയം ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി.ജോസില്‍ നിന്നും ഇന്നും വിജിലന്‍സ് സെക്രട്ടറിയേറ്റിലെ ഓഫിസിലെത്തി മൊഴിയെടുത്തു. ശിവശങ്കറുമായി നടത്തിയ വാട്‌സാപ് ചാറ്റുകളടക്കം കൈമാറിയിട്ടുണ്ട്.ലൈഫ് മിഷന്റെ എല്ലാ കാര്യങ്ങളും അവസാന നിമിഷമാണ് താനറിഞ്ഞെതെന്നും, മേലുദ്യോഗസ്ഥനായതുകൊണ്ട് ശിവശങ്കറിനെ അനുസരിക്കേണ്ടി വന്നെന്നും യു.വി.ജോസ് വിജിലന്‍സിന് ഇന്ന് മൊഴി നല്‍കി.

സ്വപ്‌നയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കോടതിയില്‍ വിജിലന്‍സ് അപേക്ഷ നല്‍കും. ലൈഫ് മിഷന്‍ വാഹനങ്ങളുടെ യാത്ര രേഖകളും വിജിലന്‍സ് പരിശോധിക്കും. യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍ സ്വപ്‌നയുടെ നിര്‍ദേശപ്രകാരം വാങ്ങി നല്‍കിയ ഏഴു ഐ ഫോണുകളില്‍ മൂന്നെണ്ണമാണ് വിലിലന്‍സ് ഇതുവരെ പിടികൂടിയത്. ബാക്കിയുള്ളവ പിടികൂടാനുള്ള ശ്രമവും തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here