കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളെ വീണ്ടും വിസ്തരിക്കണമെങ്കില്‍ മതിയായ കാരണമുണ്ടാകണമെന്ന് ഹൈക്കോടതി. പ്രോസിക്യുഷന്‍ വീഴ്ചകള്‍ മറികടക്കാന്‍ വേണ്ടിയാകരുത് പുനര്‍വിസ്താരമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
വിചാരണ നീട്ടനാണോ പ്രോസിക്യൂഷന്‍ ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചു. ഇരയുടെ മാത്രമല്ല പ്രതികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണ്. സാക്ഷി വിസ്താരം മാസങ്ങള്‍ മുമ്പേ കഴിഞ്ഞതാണ്. ഇപ്പോള്‍ ഉന്നയിക്കുന്ന ആവശ്യത്തിന് പിന്നിലെന്താണെന്നും ഹൈക്കോടതി ആരാഞ്ഞു. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ആവശ്യമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. എന്നാല്‍ സംവിധായകന്റെ വെളിപ്പെടുത്തലും കേസും തമ്മില്‍ എന്താണ് ബന്ധമെന്ന് കോടതി ആരാഞ്ഞു. കേസിനെ ഏത് രീതിയിലാണ് ഇത് ബാധിക്കുന്നതെന്നും കോടതി ചോദിച്ചു. കേസിലെ ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം വിചാരണക്കോടതി അനുവദിക്കുന്നില്ലെന്ന പരാതിയുമായിട്ടാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടെ കേസില്‍ തുടരന്വേഷണം ആവശ്യമാണെന്നും വിചാരണയ്ക്ക് കൂടുതല്‍ സമയം വേണമെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here