വരാപ്പുഴ കസ്റ്റഡി മരണം: എസ്.ഐ. ദീപക് അറസ്റ്റില്‍

0

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എസ്.ഐ ദീപക്കിനെ പൊലിസ് അറസ്റ്റ് ചെയ്തു. കൊലപാതകം, അന്യായമായി തടവില്‍ വയ്ക്കല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നിങ്ങനെ മൂന്നു കുറ്റങ്ങളാണ് ദീപക്കിനെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ അറസ്റ്റിലാവുന്ന നാലാമത്തെ പ്രതിയാണ് എസ്.ഐ. എട്ടു മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് ദീപക്കിന്റെ അറസ്റ്റ്. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ശ്രീജിത്തിനെ പിടികൂടിയ അന്നു രാത്രി ഒന്നരയ്ക്ക്, അവധിയിലായിരുന്ന എസ്.ഐ. ദീപക് സ്‌റ്റേഷനിലെത്തിയിരുന്നുവെന്ന് ഐ.ജി. ശ്രീജിത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അവധിയിലായിരുന്നിട്ടും തിരുവനന്തപുരത്തെ ഭാര്യവീട്ടില്‍ നിന്നും തിടിക്കപ്പെട്ട് ഓഫീസില്‍ എത്തിയതെന്ന് വിശദീകരിക്കാന്‍ ശ്രീജിത്തിനു കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്. സ്‌റ്റേഷനില്‍ വച്ച് ശ്രീജിത്തിനെ മര്‍ദ്ദിച്ചുവെന്ന് തെളിവുകള്‍ കിട്ടിയതിനെ തുടര്‍ന്നുകൂടിയാണ് അറസ്റ്റ്.

രാവിലെ 11 മണിയോടെയാണ് പ്രത്യേക അന്വേഷണസംഘം എസ്.ഐ ജി.എസ് ദീപക്കിനെ ആലുവ പൊലിസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്. ശ്രീജിത്തിനെ എസ്.ഐ മര്‍ദ്ദിച്ചിട്ടുണ്ടോ എന്നും ശ്രീജിത്തിന്റെ അറസ്റ്റില്‍ നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്നുമാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. ദീപക്കിനെ അറസ്റ്റ് ചെയ്തതില്‍ സന്തോഷമെന്ന് ശ്രീജിത്തിന്റെ കുടുംബം പ്രതികരിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here