സ്‌കൂട്ടറിലെത്തി സ്ത്രീകളുടെ സ്വര്‍ണ്ണം മോഷ്ടിക്കുന്ന യുവതിയും കാമുകനും കുടുങ്ങി

0

മാവേലിക്കര: സ്‌കൂട്ടറോടിക്കുന്ന യുവതി പെണ്ണുങ്ങളെ കാണുമ്പോള്‍ നിര്‍ത്തി വഴി ചോദിക്കും. പിറകിലിരിക്കുന്ന കാമുകള്‍ തന്ത്രപൂര്‍വ്വം വഴിപറഞ്ഞുകൊടുക്കുന്ന സ്ത്രീയുടെ മാല തട്ടിപ്പറിക്കും… മോഷണം പതിവാക്കിയ മൂന്നു കുട്ടികളുടെ അമ്മയും കാമുകനും ഒടുവില്‍ പിടിയിലായി.

എണ്ണയ്ക്കാട് ഇലഞ്ഞിമേല്‍ വടക്കുംമുറിയില്‍ വിഷ്ണുഭവനത്തില്‍ സുനിത (36), കാമുകന്‍ ഹരിപ്പാട് പിലാപ്പുഴ ബിജു ഭവനത്തില്‍ ബിജു വര്‍ഗീസ് (33) എന്നിവരെയാണ് മാവേലിക്കര പോലീസ് അറസ്റ്റു ചെയ്തത്. മൂന്നുമാസം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇരുവരെയും കുടുക്കിയത്.

ജൂണ്‍ 18ന് തഴക്കര കല്ലിമേല്‍ ജില്ലാ കൃഷിത്തോട്ടത്തിനു സമീപം റോഡിലൂടെ നടന്നുപോയ യുവതിയുടെ രണ്ടരപ്പവന്റെ മാല പൊട്ടിച്ചെടുത്ത് ബൈക്കിലെത്തിയ സംഘം കടന്നിരുന്നു. മാല നഷ്ടപ്പെട്ട സ്ത്രീ സ്‌കൂട്ടറിന്റെ നമ്പര്‍ 586 ആണെന്ന് പോലീസിനെ അറിയിച്ചിരുന്നെങ്കിലും ഇതു വ്യാജ നമ്പറായിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി എസ് സുരേന്ദ്രന്റെ നിര്‍ദ്ദേശമനുസരിച്ച് മാവേലിക്കര സിഐ പി ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.

മുന്നൂറിലേറെ സിസിടിവി ദൃശ്യങ്ങളും നിരവധി മൊബൈല്‍ നമ്പരുകളും പരിശോധിച്ച് സ്‌കൂട്ടറിന്റെ നമ്പര്‍ കെഎല്‍ 30 ഡി 5867 ആണെന്ന് കണ്ടെത്തി. പിന്നീട് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത് എണ്ണയ്ക്കാട് സ്വദേശിനി സുനിതയാണെന്നും പിന്നിലിരുന്ന് മാല പൊട്ടിക്കുന്നത് ബിജുവാണെന്നും തിരിച്ചറിഞ്ഞത്. താമരക്കുളത്തും കരുനാഗപ്പള്ളിയിലുമുള്ള സ്വര്‍ണകടകളില്‍ ഇവര്‍ വിറ്റ മോഷണമുതലുകള്‍ പോലീസ് കണ്ടെത്തി.

വിവാഹിതയും മൂന്നുമക്കളുടെ അമ്മയുമായ സുനിത ഭര്‍ത്താവ് വിദേശത്തായിരുന്നപ്പോള്‍ കാമുകന്‍മാര്‍ക്കൊപ്പം ഒളിച്ചോടിയതുമായി ബന്ധപ്പെട്ട് ഭര്‍ത്താവിന്റെ പരാതിയില്‍ മാന്നാര്‍ സ്‌റ്റേഷനില്‍ നിരവധി കേസുകളുണ്ട്. ഒന്നരവര്‍ഷം മുമ്പാണ് ദുബൈയില്‍ ജോലി ചെയ്തിരുന്ന അവിവാഹിതനായ ബിജുവിനെ സുനിത ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. തുടര്‍ന്ന് അടുപ്പത്തിലാവുകയായിരുന്നു. നാട്ടിലെത്തിയ ബിജു സുനിതക്കൊപ്പം ബുധനൂരില്‍ താമസമാക്കിയതോടെ ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമായി. പിന്നീട് വിവിധ സ്ഥലങ്ങളില്‍ വാടകയ്ക്ക് താമസിച്ചുവന്ന ഇവര്‍ മാവേലിക്കര ഉമ്പര്‍നാട്ടുള്ള വീട്ടില്‍ വാടകയ്ക്ക് താമസിക്കുമ്പോഴാണ് അമിത പണസമ്പാദനത്തിനും ആഡംബരത്തിനുമായി മോഷണം നടത്താന്‍ തീരുമാനിച്ചത്.

മോഷണത്തിനു പോകുമ്പോള്‍ പതിവായി സ്‌കൂട്ടര്‍ ഓടിക്കുന്നത് സുനിതയാണ്. സുനിതയെ ബുധനൂരിലെ വീട്ടില്‍ നിന്നും ബിജുവിനെ ഹരിപ്പാട് നിന്നുമാണ് പോലീസ് പിടികൂടിയത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here