കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ടിനെയും അഞ്ചു ജീവനക്കാരേയും അറസ്റ്റ് ചെയ്തു. ഹോട്ടലില്‍ നടന്ന നിശാപാര്‍ട്ടി അടക്കമുള്ളവയുടെ ദൃശ്യങ്ങള്‍ നശിപ്പിച്ചുവെന്ന കുറ്റം ചുമത്തിയാണ് നടപടി. മെല്‍വിന്‍, വിഷ്ണു, ലിന്‍സന്‍, ഷിജു ലാല്‍, അനില്‍ എന്നീ ഹോട്ടല്‍ ജീവനക്കാരാണ് അറസ്റ്റിലായത്.

റോയിയെ ചൊവ്വാഴ്ചയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഒരു ഡിജിറ്റല്‍ വീഡിയോ റെക്കോഡര്‍ (ഡി.വി.ആര്‍.) ഹോട്ടലുടമ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ വിവാദ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന ഡിജിറ്റല്‍ വീഡിയോ റെക്കോഡര്‍ ശെകമാറിയിട്ടില്ലെന്നാണ് വിവരം. ഇതു നശിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. രണ്ടു ജീവനക്കാരെ ഡിവിആര്‍ ഉപേക്ഷിച്ചെന്നു സംശയിക്കുന്ന തേവര കണ്ണങ്കാട്ട് പാലത്തില്‍ എത്തിച്ചും തെളിവെടുത്തു.

നിശാപ്പാര്‍ട്ടി നടന്ന ഹാളിലെയും ഹോട്ടലിന് പുറത്തെയും സി.സി.ടി.വി. ദൃശ്യങ്ങളാണ് പോലീസ് ആവശ്യപ്പെട്ടിട്ടും നല്‍കാതിരുന്നത്. അപകടത്തില്‍പ്പെട്ട കാറിനെ പിന്തുടര്‍ന്ന ഓഡി കാറിന്റെ ഡ്രൈവര്‍ സൈജുവിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. അപകടത്തിനുശേഷം റോയിയെ സൈജു വിളിച്ചിരുന്നു.

സിനിമാമേഖലയിലെ ചില പ്രമുഖര്‍ ഈ ഹോട്ടലില്‍ അപകടദിവസം തങ്ങിയതായി വിവരമുണ്ട്. മിസ് കേരളയടക്കമുള്ള സംഘത്തോട് പാര്‍ട്ടിയില്‍വെച്ച് ഇവര്‍ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നുവെന്ന വിവരമാണ് പോലീസിനു ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here