തിരുവനന്തപുരം: 28 വര്‍ഷത്തിനുശേഷം സിസ്റ്റര്‍ അഭയക്കേസില്‍ ഫാ. തോമസ് എം. കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരെന്ന് വിധി. കൊലക്കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തി. ശിക്ഷാ വിധി ബുധനാഴ്ച പുറപ്പെടുവിക്കും.

ഒരു വര്‍ഷത്തിലേറെ നീണ്ട വിചാരണ ഡിസംബര്‍ 10നാന് പൂര്‍ത്തിയായത്. പ്രത്യേക സി.ബി.ഐ ജഡ്ജി കെ. സനില്‍കുമാറാണ് വിധി പറഞ്ഞത്. 1992 മാര്‍ച്ച് 27നാണ് സിസ്റ്റര്‍ അഭയ മരിച്ചത്. ലോക്കല്‍ പോലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യയെന്ന നിഗമനത്തിലെത്തി എഴുതിത്തളിയ കേസ് കൊലപാതകമാണെന്ന് കണ്ടെത്തിയത് സി.ബി.ഐയാണ്. സാഹചര്യതെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് നിര്‍ണായകമായത്. കേസിനു വേണ്ടി നിയമയുദ്ധം നടത്തിയവരില്‍ ഒരു വിഭാഗവും അഭയയുടെ മാതാപിതാക്കളും 28 വര്‍ഷത്തിനുശേഷം വിധി വരുമ്പോള്‍ അതു കേള്‍ക്കാനില്ല.

ആദ്യം കോട്ടയം വെസ്റ്റ് പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ചെങ്കിലും അഭയയുടേത് ആത്മഹത്യയാണെന്ന നിഗമനത്തിലാണ് എത്തിയത്. പിന്നീടാണ് സി.ബി.ഐ അന്വേഷണമുണ്ടാകുന്നത്. കോടതിയുടെ ഇടപെടല്‍ കൂടി വേണ്ടി വന്നു കൊലപാതകത്തിനു പിന്നാലെ പ്രതികളെ നിയമത്തിനു മുന്നിലെത്തിക്കാന്‍.

സഭാ പ്രതിനിധികളെ സംരക്ഷിക്കുന്നുവെന്ന ആക്ഷേപമുണ്ടായപ്പോള്‍ സന്ന്യാസിനി സമൂഹത്തിന്റെ അന്തസ് ഉയര്‍ത്തിപ്പിടിക്കാന്‍ മദര്‍ സുപ്പീരിയര്‍ ബെനിക്യാസ്യ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു സര്‍ക്കാരിനു കത്തു നല്‍കി. 96 വരെ ക്രൈം ബ്രാഞ്ച് അന്വേഷണത്തെ ശരിവച്ചിരുന്ന നിലപാട് സി.ബി.ഐക്ക് പിന്നീട് തിരുത്തേണ്ടി വന്നു. 2008 നവംബര്‍ 18ന് സി.ബി.ഐ. എ.എസ്.പി നന്ദകുമാര്‍ നായര്‍ പ്രതികളായ ഫാ. തോമസ് എം. കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍ എന്നിവരെ അറസ്റ്റ് ചെയ്തു. പ്രതികളെ ഡിജിറ്റല്‍ ഫിംഗര്‍ പ്രിന്റ്, പോളിഗ്രാഫ്, നാര്‍ക്കോ അനാലിസിസ് പരിശോധനകള്‍ക്കു വിധേയമാക്കി. പിന്നീട് കുറ്റപത്രം സമര്‍പ്പിച്ചു.

കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് മൂവരും നിയമപോരാട്ടത്തില്‍ ഏര്‍പ്പെട്ടു. പിന്നാലെ ആവശ്യമായ തെളിവുകളുടെ അഭാവത്തില്‍ രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണക്കോടതി വെറുതെ വിട്ടു. വിചാരണ കോടതി നിലപാടുകള്‍ സുപ്രിം കോടതി വരെ ശരിവച്ചപ്പോള്‍ പ്രതികള്‍ക്ക് വിചാരണ നേരിടേണ്ടി വന്നു. കേസില്‍ ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ ഒന്നും മൂന്നും പ്രതികളാണ്. ഫാ. ജോസ് പൂതൃക്കയിലായിരുന്നു മൂന്നാം പ്രതി. അന്വേഷണത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ, നാലാം പ്രതി മുന്‍ എ.എസ്.ഐ വി.വി. അഗസ്റ്റിനെ കുറ്റപത്രത്തില്‍ നിന്ന് സി.ബി.ഐ ഒഴിവാക്കിയിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here