updates: തമിഴ് നടിയും അവതാരകയുമായ വി.ജെ. ചിത്രയുടേത് ആത്മഹത്യയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ലോവര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.
ചെന്നൈ: തമിഴ് ടെലിവിഷന്‍ താരം വി.ജെ.ചിത്രയെ ഹോട്ടലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിശ്രുത വരനും ബിസിനസ്കാരനുമായ ഹേംനാഥിനെ പോലീസ് ചോദ്യം ചെയ്തു. നസറേത്ത് പേട്ടയിലുള്ള ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ മുറിയിലായിരുന്നു താരത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സീരിയല്‍ ഷൂട്ടിങ്ങിനായി 4 ദിവസം മുന്‍പാണു ഇവര്‍ ഹോട്ടലില്‍ മുറിയെടുത്തത്. സംഭവസമയം ഹേംനാഥും ഹോട്ടലിലുണ്ടായിരുന്നു. ചിത്ര വിഷാദ രോഗിയായിരുന്നുവെന്ന് ഹേംനാഥ് മൊഴി നല്‍കിയതായാണ് സൂചന. ആഗസ്റ്റില്‍ വിവാഹനിശ്ചയം കഴിഞ്ഞതിനു പിന്നാലെ രജിസ്റ്റര്‍ വിവാഹം ചെയ്തതായും പറയപ്പെടുന്നു. ജനുവരിയില്‍ വിവാഹം നടക്കാനിരിക്കുകയായിരുന്നു മരണം. പോലീസ് പരിശോധനക്കിടെ നടിയുടെ മുഖത്തു ചോരപ്പാടുകള്‍ കണ്ടെത്തിയിരുന്നു. ഹേമന്ദുമായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. തലേദിവസം ഷൂട്ടിങ്ങ് കഴിഞ്ഞാണ് ഇവര്‍ ഹോട്ടലിലെത്തിയത്. ഷൂട്ടിങ് ലൊക്കേഷനില്‍ പ്രശ്നങ്ങളുണ്ടായോ എന്നും അന്വേഷിക്കുന്നുണ്ട്.
വിജയ് ടി.വി സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡ്യന് സ്റ്റോര്‍സ് എന്ന സീരിയലിലെ മുല്ലൈ എന്ന കഥാപാത്രത്തിലൂടെ ഏറെ പ്രശസ്തയായ നടിയാണ് ചിത്ര. ഏകദേശം ഒരുമണിയോടെയാണ് ചിത്ര ഹോട്ടല്‍ മുറിയില്‍ ചെക് ഇന്‍ ചെയ്തതെന്ന് മാനേജര്‍ പറഞ്ഞു. മൂന്നരയോടെയാണ് ഹോട്ടലില്‍ നിന്ന് പൊലീസിന് ഫോണ്‍ വന്നത്. ഷൂട്ടിങ് തുടങ്ങാനിരിക്കുന്ന തമിഴ് സിനിമയിലും ചിത്ര അഭിനയിക്കാനിരിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നു താരം. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ചിത്ര ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ ഷെയര്‍ ചെയ്തിട്ടുണ്ട്. മനശാസ്ത്രത്തില്‍ ബിരുദധാരിയാണ്.