ന്യൂഡല്‍ഹി: വസ്ത്രങ്ങള്‍ക്ക് മുകളിലൂടെ, ലൈംഗിക ഉദ്ദേശത്തോടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ സ്പര്‍ശിക്കുന്നതു പോക്സോ നിയമത്തിന്റെ ഏഴാം വകുപ്പ് പ്രകാരം കുറ്റകരമാണെന്നു സുപ്രീം കോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍, ശരീരഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ശിക്കാതെ, സ്പര്‍ശിക്കുന്നത് പോക്സോ നിയമപ്രകാരം കുറ്റകരമല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രിം കോടതി റദ്ദാക്കി.

പോക്സോ നിയമത്തെ തന്നെ പരാജയപ്പെടുത്തുന്ന ബോംബെ ഹൈക്കോടതിയുടെ സങ്കുചിതമായ വ്യാഖ്യാനം അംഗീകരിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ലൈംഗിക അതിക്രമത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വിഷയം ലൈംഗിക ഉദ്ദേശമുണ്ടോയെന്നതാണ്. പരസ്പരം ചര്‍മ്മങ്ങള്‍ സ്പര്‍ശിക്കണം എന്ന സങ്കുചിതമായ നിലപാട് കൊണ്ട് പോക്സോ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടുത്താന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ചര്‍മത്തില്‍ സ്പര്‍ശിക്കാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ തൊടുന്നത് പോക്‌സോ നിയമപ്രകാരമുള്ള ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍പ്പെടില്ലെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ്.

വസ്ത്രത്തിന് മുകളിലൂടെ ശരീരത്തില്‍ പിടിക്കുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354-ാം വകുപ്പ് പ്രകാരമുള്ള കുറ്റം മാത്രമേ ആകൂവെന്ന് ബോംബൈ ഹൈക്കോടതി പറഞ്ഞത്. എന്നാല്‍ ഈ നിലപാട് അംഗീകരിക്കാന്‍ കഴിയില്ല എന്ന് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വിധിച്ചു.

പേരയ്ക്ക നല്‍കാമെന്ന് പറഞ്ഞ് 12 വയസ്സുകാരിയെ വിളിച്ചുവരുത്തുകയും മാറിടത്തില്‍ സ്പര്‍ശിക്കുകയും വസ്ത്രം മാറ്റാന്‍ ശ്രമിച്ചുവെന്നുമാണ് കേസിലായിരുന്നു ബോംബെ ഹൈക്കോടതിയുടെ വിധി. കേസിലെ പ്രതിയായ സതീഷിന് നേരത്തെ പോക്സോ നിയമപ്രകാരം വിചാരണ കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ വിചാരണ കോടതി വിധി സുപ്രീം കോടതി ശരിവച്ചതോടെ പ്രതിക്ക് മൂന്ന് വര്‍ഷത്തെ ശിക്ഷ അനുഭവിക്കണം. ഒപ്പം വിചാരണ കോടതി വിധിച്ച പിഴയും ഒടുക്കണം.

അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍, മഹാരാഷ്ട്ര സര്‍ക്കാര്‍, ദേശീയ വനിതാ കമ്മീഷന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികളിലാണ് സുപ്രീം കോടതി വിധി പ്രസ്താവിക്കുന്നത്.

The Supreme Court quashed the Bombay high courts controversial ‘skin-to-skin’ verdict which had held that no offence of sexual assault under the Pocso Act is made out if there is no direct skin-to-skin contact between an accused and victim.

LEAVE A REPLY

Please enter your comment!
Please enter your name here