തിരുവനന്തപുരം/കൊച്ചി | സമൂഹമാധ്യമത്തിലൂടെ പിന്തുടര്ന്നു അപമാനിക്കുന്നുവെന്ന നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന് സനല്‍ കുമാര്‍ ശശിധരന് പോലീസ് പിടിയില്‍. പാറശാലയില്‍ വീടിനടുത്തുള്ള ക്ഷേത്രത്തില്‍ പോയി മടങ്ങുംവഴി മഫ്ടിയിലെത്തിയ ഇളമക്കര പോലീസ് പിടികൂടുകയായിരുന്നു.
ഇതേതുടര്‍ന്നു സനല്‍ കുമാര്‍ ബഹളം വയ്ക്കുകയും തന്നെ കൊല്ലാന്‍ ശ്രമമെന്നു ഫേസ്ബുക്ക് ലൈവിലൂടെ വിളിച്ചു പറയുകയും ചെയ്തു. ഐ.ടി. ആക്ടിലെ വിവിധ വകുപ്പുകളാണ് സനല്‍ കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. തനിക്കെതിരെ പരാതി നല്കിയിട്ടുണ്ടെങ്കില് അതിന്റെ വിശദാംശങ്ങള്‍ അറിയിക്കാണമെന്നും ഈ രീതിയില്‍ പിടികൂടിയതിനെതിരെ പ്രതിഷേധിച്ചുകൊണ്ട് സനല്‍ കുമാര്‍ പ്രതികരിച്ചു.
ഐ.ടി. ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് സനല്‍ കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് പോലീസ് വ്യക്തമാക്കി. സനല്‍കുമാറിനെ കസ്റ്റഡിയിലെടുത്ത കാര്യം സ്ഥിരീകരിച്ച കൊച്ചി പോലീസ് വൈകുന്നേരത്തോടെ കൊച്ചിയിലെത്തിച്ചു തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കി.
മഞ്ജു നായികയായ കയറ്റം സിനിമയുടെ സംവിധായകനാണ് സനല്‍ കുമാര്‍ ശശിധരന്. മഞ്ജുവിന്റെ ജീവന് അപകടത്തിലാണെന്നും അവര്‍ ആരുടെയോ തടവറയിലാണെന്നും സൂചിപ്പിച്ചുകൊണ്ട് സനല്‍ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റുകള്‍ വിവാദമായിരുന്നു.