മഞ്ജുവിനോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട്, എന്നാല്‍ ശല്യം ചെയ്യാന്‍ പിന്നാലെ നടന്നിട്ടില്ലെന്നു സനല്‍ കുമാര്‍ ശശിധരന്‍

കൊച്ചി | മഞ്ജു വാര്യരോട് പ്രണയാഭ്യര്‍ഥന നടത്തിയിട്ടുണ്ട്, എന്നാല്‍ പിന്നാലെ നടന്ന് ശല്യം ചെയ്തിട്ടില്ലെന്നു സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. പ്രണയാഭ്യര്‍ഥന നിരസിച്ചതിനാണോ ശല്യപ്പെടുത്തുന്നതെന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അവരുമായി സംസാരിച്ചിട്ട് തന്നെ കുറേക്കാലമായി. കയറ്റം എന്ന സിനിമ റിലീസാകാത്തത് എന്തുകൊണ്ട് എന്ന് കൂടി അറിയാനാണ് മഞ്ജുവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചത്. പക്ഷേ അവര്‍ സമ്മതിച്ചില്ല. മഞ്ജുവിന്റെ കാര്യത്തിലുള്ള ആശങ്കയാണ് പ്രകടിപ്പിച്ചത്. ഞാന്‍ ഈ വിഷയം ഇനി ഉന്നയിക്കാനും ഉദ്ദേശിക്കുന്നില്ലെന്നും ജാമ്യം ലഭിച്ചതിന് പിന്നാലെ അദ്ദേഹം പറഞ്ഞു. നടി മഞ്ജു വാര്യയെ പിന്തുടര്‍ന്ന് ശല്യംചെയ്തുവെന്ന കേസില്‍ അറസ്റ്റിലായ സനല്‍ കുമാര്‍ ശശിധരന് ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് ആണ് ജാമ്യം അനുവദിച്ചത്.

മഞ്ജു തടവിലാണോ എന്നു അന്വേഷിക്കേണ്ട ബാധ്യത സമൂഹത്തിനുണ്ടെന്നു സനല്‍ കുമാര്‍ പറഞ്ഞു. അത് ചെയ്തില്ല. അത് ചെയ്യാത്തത് സനല്‍കുമാര്‍ ശശിധരന്റെ കുറ്റമല്ല. എനിക്കൊപ്പം ജോലി ചെയ്ത ഒരാള്‍ എനിക്ക് അറിയുന്ന ഒരാള്‍ക്ക് ഒരു ആപത്തുണ്ടെന്നു തോന്നുമ്പോ അത് സത്യസന്ധമായിട്ട് പറയുകയെന്നതു തന്റെ ഉത്തരവാദിത്വമായതു കൊണ്ട് താനതു ചെയ്തു. അപ്പോഴും യാതൊരു പ്രതികരണവും ഒരിടത്ത് നിന്നുമുണ്ടായിട്ടില്ല. അത് ലഘുവായിട്ട് എടുക്കാന്‍ പറ്റാത്തതുകൊണ്ട് ഞാന്‍ രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും കത്തയച്ചു. ക്രമസമാധാനം വളരെയധികം അട്ടിമറിക്കപ്പെടുന്നു എന്ന എന്റെ ആശങ്ക അറിയിച്ചു. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ കടമ ചെയ്തതിന്റെ പിറ്റേ ദിവസമാണ് കേസുണ്ടായത്. കോടതിയില്‍ വന്ന് പറയാനുള്ളത് പറയണമെന്നുള്ളതുകൊണ്ടാണ് സ്‌റ്റേഷന്‍ ജാമ്യം നിഷേധിച്ചത്.

ഒന്ന് ഫോണില്‍ വിളിച്ചാല്‍ സ്റ്റേഷനില്‍ എത്തിയേനെ. അതിനു പകരം ഏതോ തീവ്രവാദിയുടെ ലൊക്കേഷനൊക്കെ തിരയുന്നതുപോലെ താനും അനിയത്തിയും ബന്ധുക്കളുമൊക്കെ ഒരു ക്ഷേത്രത്തിലേക്ക് പോകുന്നവഴിക്ക് വളഞ്ഞിട്ട് ബലമായി പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചത്. മഞ്ജുവിന് ശല്യമുണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് തന്നെ വിളിച്ചിട്ട് പറയാമായിരുന്നു. ഏഴ് ദിവസം മുമ്പ് പോസ്റ്റിടുന്നതിനു മുന്നേ മഞ്ജുവിനു മെസേജ് അയച്ചിരുന്നു. എന്നാല്‍ പ്രതികരണമുണ്ടായില്ല. അതിനാലാണ് പോസ്റ്റുമായി മുന്നോട്ടു പോയതെന്നും സനല്‍ കുമാര്‍ ശശിധരന്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here