തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വീടൊഴിപ്പിക്കലിനിടെ തീകൊളുത്തി മരിച്ച അമ്പിളിയുടെ മൃതദേഹം തടഞ്ഞുള്ള പ്രതിഷേധം അവസാനിച്ചതായി റിപ്പോര്‍ട്ട്. മരിച്ച രാജൻ്റെയും അമ്പിളിയുടെയും മക്കള്‍ക്കൊപ്പം നാട്ടുകാര്‍ നടത്തിയ വഴി തടയൽ സമരമാണ് അവസാനിച്ചത്. തിരുവനന്തപുരം ജില്ലാ കളക്ടര്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് പ്രതിഷേധം അവസാനിച്ചത്.

ജില്ലാ കളക്ടര്‍ നവജ്യോത് സിങ് ഖോസെയുടെ വാക്കുകള്‍ വിശ്വസിക്കുന്നുവെന്ന് മക്കള്‍. മക്കളിൽ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും മരണത്തിന് ഉത്തരവാദിയെന്ന് ആരോപിക്കപ്പെടുന്ന പോലീസുകാരനെതിരെ നടപടിയെടുക്കണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിലായിരിക്കേ ഇന്നു മരിച്ച അമ്പിളിയുടെ മൃതദേഹം വീട്ടിലേയ്ക്കു കൊണ്ടുവന്ന ആംബുലൻസ് നാട്ടുകാര്‍ തടയുകയായിരുന്നു. ആവശ്യങ്ങള്‍ അംഗീകരിക്കാതെ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ നിലപാടെടുക്കുകയായിരുന്നു.

ആരോപണം നേരിടുന്ന പോലീസുകാരനെതിരെ നടപടിയെടുക്കുമെന്ന് കളക്ടര്‍ ഉറപ്പു നല്‍കി. മക്കളിൽ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താമെന്നും കളക്ടര്‍ വ്യക്തമാക്കി. കളക്ടറുടെ വാക്കുകള്‍ വിശ്വസിക്കുന്നതായി ദമ്പതിമാരുടെ മക്കള്‍ പറഞ്ഞു. അച്ഛനെ സംസ്കരിച്ച സ്ഥലത്തോടു ചേര്‍ന്നു തന്നെ അമ്മയെയും സംസ്കരിക്കണമെന്നും മക്കള്‍ ആവശ്യപ്പെട്ടു.

മന്ത്രി കടകംപള്ളി സുരേന്ദ്രൻ കുട്ടികളെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. സംഭവത്തിൽ അടിയന്തര ഇടപെടലിന് നിര്‍ദേശം നല്‍കിയ മുഖ്യമന്ത്രി കുട്ടികള്‍ക്ക് വീടുവെച്ചു നല്‍കാനുള്ള നിര്‍ദേശവും നല്‍കി. ഇതിനായി ജില്ലാ ഭരണകൂടത്തിനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ദമ്പതികളുടെ മരണത്തിന് കാരണമായ സംഭവത്തിൽ അന്വേഷണം നടത്താൻ ഡിജിപിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here